കാന്തപുരത്തിന്‍റെ കേരള യാത്രയില്‍ പങ്കെടുത്തതിന് നടപടി; സമസ്ത ഇ കെ സുന്നി നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കി

കോട്ടയം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ കേരള യാത്രയില്‍ പങ്കെടുത്തതിന് നടപടി. സമസ്ത ഇ കെ സുന്നി നേതാവിനെതിരെയാണ് നടപടി.

കോട്ടയം ജില്ല വൈസ് പ്രസിഡന്റ്‌ അബൂ ശമ്മാസ് മൗലവിയെ സംഘടനയില്‍ നിന്ന് പുറത്താക്കി. ഇകെ സമസ്ത കോട്ടയം ജില്ലാ കമ്മിറ്റിയാണ് നടപടി എടുത്തത്. കേരള മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ കാസർകോട് നിന്നാരംഭിച്ച കേരള യാത്ര വെള്ളിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലിന് പാളയത്ത് നിന്ന് ആരംഭിക്കുന്ന റാലിയും സെന്‍റിനറി ഗാർഡ് പരേഡും പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും.

തുടർന്ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യാത്ര ക്യാപ്റ്റൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഇ. സുലൈമാൻ മുസ്ലിയാർ, ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തില്‍ ജനുവരി ഒന്നിന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരിയിലും പര്യടനം പൂർത്തിയാക്കിയാണ് കേരള യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുന്നത്. യാത്രയുടെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വികസന രേഖ മുഖ്യമന്ത്രിക്ക് കൈമാറും. സമാപന സമ്മേളനത്തില്‍ ഇന്ത്യൻ കള്‍ചറല്‍ ഫൗണ്ടേഷൻ (ഐ.സി.എഫ്) നടപ്പാക്കുന്ന റിഹാഇ കെയർ പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രിയും കാന്തപുരവും ചേർന്ന് നിർവഹിക്കും.

spot_img

Related Articles

Latest news