കോഴിക്കോട് : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് നിർണായക ഇടപെടലുമായി കാന്തപുരം എ.പി.അബുബേക്കർ മുസ്ലിയാർ. മോചന ശ്രമങ്ങളുടെ ഭാഗമായി യെമനിലെ മതപുരോഹിതനുമായി കാന്തപുരം ബന്ധപ്പെട്ടു. കൊല്ലപ്പെട്ട യെമൻ പൗരന്റെ സഹോദരനുമായും കാന്തപുരം സംസാരിച്ചു. ചാണ്ടി ഉമ്മൻ എം.എല്‍.എയുടെ അഭ്യർത്ഥന പ്രകാരമാണ് കാന്തപുരം വിഷയത്തില്‍ ഇടപെട്ടത്.
നേരത്തെ നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് മുന്നില്‍ അപേക്ഷ നല്‍കിയിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരൻ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായി ചർച്ചകള്‍ പുരോഗമിക്കുകയും ബ്ലഡ് മണിയുടെ കാര്യത്തില്‍ സമവായത്തില്‍ എത്താനാകുമെന്നുമാണ് കുടുംബവും ആക്ഷൻ കൗണ്‍സിലും പ്രതീക്ഷിക്കുന്നത്.
ജൂലായ് 16 (ബുധനാഴ്ച) ആണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനായി നിശ്ചയിച്ചിരിക്കുന്ന ദിവസം. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷൻ കൗണ്‍സിലിന്റെ ഹർജിയില്‍ കേന്ദ്ര സർക്കാർ തിങ്കളാഴ്ച മറുപടി നല്‍കും.കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം എട്ട് കോടിയോളം രൂപയാണ് ദയാധനമായി ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യെമനില്‍ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നാണ് വിവരം. 2017 ജൂലായിലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. തൊട്ടടുത്ത മാസം തന്നെ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ അറസ്റ്റിലായതിന് ശേഷം വിചാരണ നടപടികള്‍ പൂർത്തിയാക്കി 2018ല്‍ നിമിഷയെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.