കോഴിക്കോട്: ശുചിത്വം ,വ്യായാമം ,ആരോഗ്യം എന്ന സന്ദേശമുയർത്തി കക്കോവ് ഏരിയ പ്രവാസി അസോസിയേഷനും ബ്ലഡ് ഡോണേഴ്‌സ് ആർമി കക്കോവും സംയുക്തമായി K A P A മാരത്തോൺ 2021 എന്ന പേരിൽ മാരത്തോൺ ഓട്ടം സംഘടിപ്പിച്ചു.
അഴിഞ്ഞിലം മുതൽ കക്കോവ് വരെ അഞ്ച് കിലോ മീറ്റർ ദൂരം രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലക്കകത്തും പുറത്തു നിന്നുമായി അറുപതോളം മത്സരാർത്ഥികൾക്കൊപ്പം വാഴയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവൻ മാസ്റ്ററും മരത്തോണിന്റെ ഭാഗമായി.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ പരിപാടിയിൽ 18 – 40 വയസ്സ് വിഭാഗത്തിൽ സുധീഷ് കുമാർ എടപ്പറ്റ ഒന്നാം സ്ഥാനവും ജിജിമോൻ ഇലഞ്ഞി രണ്ടാം സ്ഥാനവും ആദിൽ തിരുത്തിയാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാൽപത് വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ രാജു കടലുണ്ടി ഒന്നാം സ്ഥാനവും വാസുദേവൻ മാസ്റ്റർ രണ്ടാം സ്ഥാനവും സംവിധായകനും എഴുത്തുകാരനും പ്രവാസിയുമായ റസ്സാഖ് കിണാശ്ശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനങ്ങൾ വാർഡ് മെമ്പർ പി കെ ബാലകൃഷ്ണൻ, വാഴക്കാട് സബ് ഇൻസ്‌പെക്ടർ ഇ കെ അബൂബക്കർ കോയ തുടങ്ങിയവർ നിർവഹിച്ചു. പ്രവാസി പ്രതിനിധികളും ബ്ലഡ് ഡോണേഴ്‌സ് ആർമി പ്രവർത്തകരും പഞ്ചായത്തിലെ വിവിധ ക്ലബ് പ്രതിനിധികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു. നുഫൈൽ, കെ സി ജിതിൻ, പി കെ സന്തോഷ്, എം കെ ഫൈസൽ, ഹാഷിം, ജംഷീർ മാസ്റ്റർ, നസീർ കോട്ടുപാടം, ഹരീഷ് [മലപ്പുറം സൈനിക കൂട്ടായ്മ] തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
ന്യൂസ് ഡെസ്ക് മീഡിയ വിങ്‌സ്