പിടിച്ചു നിൽക്കാനാവുന്നില്ല; കറാച്ചി ബേക്കറിക്ക് പൂട്ട് വീഴുന്നു

മുംബൈ: പാകിസ്താന്‍ പേര് മാറ്റണമെന്ന നവനിര്‍മാണ്‍ സേന അടക്കമുള്ള പ്രാദേശികവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്ന മുംബൈയിലെ പ്രശസ്ത വ്യാപാര സ്ഥാപനമായ ‘കറാച്ചി ബേക്കറി’ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. പാകിസ്താന്‍ പേരാണെന്ന എം.എന്‍.എസിന്‍റെ ആരോപണത്തെ തുടര്‍ന്ന് വ്യാപാരത്തിലുണ്ടായ ഇടിവാണ് അടച്ചുപൂട്ടലിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ബേക്കറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ഉടമയുമായുള്ള കരാറിന്‍റെ കാലാവധി അവസാനിക്കുന്നതാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണമെന്ന് ബേക്കറി ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്. കെട്ടിട ഉടമ ആവശ്യപ്പെട്ട കൂടുതല്‍ വാടക തങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കില്ല.

കൂടാതെ വ്യാപാര തകര്‍ച്ചയും അടച്ചുപൂട്ടലിന് ഒരു കാരണമാണെന്നും മാനേജര്‍ രാമേശ്വര്‍ വാഗ്മറെ ദ് ടൈംസ് ഒാഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, കറാച്ചി ബേക്കറി അടച്ചുപൂട്ടുന്നത് തങ്ങളുടെ നേട്ടമാണെന്ന തരത്തില്‍ എം.എന്‍.എസ് ഉപാധ്യക്ഷന്‍ ഹാജി സെയ്ഫ് ശൈഖ് ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. കറാച്ചി ബേക്കറി അതിന്‍റെ പേരിനെതിരായ വന്‍ പ്രതിഷേധത്തില്‍ അടച്ചുപൂട്ടിയെന്നായിരുന്നു ട്വീറ്റ്.

എം.എന്‍.എസ് നേതാവിന്‍റെ ട്വീറ്റിനെ കുറിച്ചും രാമേശ്വര്‍ വാഗ്മറെ പ്രതികരിച്ചു. ഞങ്ങളുടെ പേര് മാറ്റിക്കൊണ്ട് കീഴടങ്ങാന്‍ ഒരു കാരണവുമില്ല. സാധുവായ എല്ലാ ലൈസന്‍സുകളും അംഗീകാരങ്ങളും ഉള്ള നിയമാനുസൃത സ്ഥാപനമായിരുന്നു ബേക്കറി. വ്യാപാര ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഞങ്ങളുടെ തീരുമാനം. മറ്റുള്ളവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് അവര്‍ എടുക്കട്ടെ -രാമേശ്വര്‍ വ്യക്തമാക്കി.

‘കറാച്ചി ബേക്കറി’യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണിയുമായി ശിവസേന നേതാവ് നിഥിന്‍ നന്ദഗാവ്കറും രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ നഗരത്തിന്‍റെ പേരായ കറാച്ചിക്ക് പകരം മറാത്തി പേരാക്കണമെന്നാണ് നന്ദഗാവ്കര്‍ ആവശ്യപ്പെട്ടത് .
കൂടാതെ, ബാന്ദ്ര വെസ്റ്റിലെ കടയിലെത്തി ശിവസേന നേതാവ് ഉടമയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് കടയുടെ പേര് പേപ്പര്‍ കൊണ്ട് ഉടമകള്‍ മറച്ചിരുന്നു.

ഇതിന് പിന്നാലെ കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്നത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ബേക്കറിക്ക് പാകിസ്താനുമായി ബന്ധമില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത് പ്രതികരിക്കുകയും ചെയ്തിരുന്നു.

ബേക്കറിയുടെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത് ശിവസേന നേതാക്കളുടെ വിഡ്ഢിത്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ചൂണ്ടിക്കാട്ടിയിരുന്നു.

പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് കുടിയേറിയ സിന്ധി ഹിന്ദു കുടുംബമാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച കറാച്ചി ബേക്കറിക്ക് തുടക്കം കുറിച്ചത്.

മീഡിയ വിങ്സ്

spot_img

Related Articles

Latest news