മുക്കം: വ്യത്യസ്ത രുചികളിൽ കൊതിയൂറുന്ന വിഭവങ്ങൾ ഒരുക്കി വിദ്യാർത്ഥികൾ നടത്തിയ പലഹാര മേള ശ്രദ്ധേയമായി. കാരശ്ശേരി എച്ച് എൻ സി കെ എം എയുപി സ്കൂൾ ഏഴാം തരം വിദ്യാർത്ഥികളാണ് സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചത്. ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട വാർത്തകൾ തുടർച്ചയായി വന്നപ്പോഴാണ് ‘സുരക്ഷിത ഭക്ഷണം വീടകങ്ങളിൽ’ എന്ന സന്ദേശവുമായി പരിപാടി സംഘടിപ്പിച്ചത്. രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽ നിന്നും തയ്യാർ ചെയ്ത് കൊണ്ടുവന്ന വ്യത്യസ്ത പലഹാരങ്ങളാണ് വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചത്. പ്രീ പ്രൈമറിയിലെയും എൽ.പി , യു.പി ക്ലാസുകളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പലഹാരങ്ങൾ വിതരണം ചെയ്തു. ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ് മേള ഉദ്ഘാടനം ചെയ്തു. ഷാഹിർ പി.യു, മുഹമ്മദ് താഹ എം.ടി, അബ്ദുൽ അസീസ് .കെ.സി, റിഷിന. എം.കെ, അർച്ചന .കെ തുടങ്ങിയവർ നേതൃത്വം നൽകി.