മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നിയുക്ത പ്രസിഡന്റായി ജി. അബ്ദുൽ അക്ബറിനെ പാർട്ടി യോഗത്തിൽ തിരഞ്ഞെടുത്തു. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് വിവരം. കക്കാട് വാർഡിൽ നിന്നുള്ള വിജയത്തിലൂടെയാണ് അദ്ദേഹം പഞ്ചായത്ത് അംഗമായത്. ഇതിന് മുമ്പും പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട അനുഭവം അദ്ദേഹത്തിനുണ്ട്.
ദീർഘകാലമായി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ ജി. അബ്ദുൽ അക്ബറിന്റെ നിയുക്തി പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
സി.പി.ഐ.(എം) വലിയപറമ്പ്, നെല്ലിക്കാപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം മുക്കം ഇ.എം.എസ് സഹകരണ ആശുപത്രി ഡയറക്ടർ ബോർഡ് അംഗം, കാരശ്ശേരി പഞ്ചായത്ത് പാലിയേറ്റീവ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം നിർവഹിച്ചിട്ടുണ്ട്.
വലിയപറമ്പ് ജുമാമസ്ജിദ് കമ്മിറ്റി ജോയിൻ സെക്രട്ടറി, പ്രവാസി ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, മുക്കം എം.എ.എം.ഒ. കോളേജ് യൂണിയൻ സെക്രട്ടറി തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.ഐ.(എം) പാർട്ടി മെമ്പറായ ജി. അബ്ദുൽ അക്ബർ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായും കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയായും ചുമതല വഹിച്ചുവരുന്നു.
സാമൂഹിക സേവന രംഗത്ത് ആലയം സാംസ്കാരിക വേദി ഭാരവാഹി, ആശ്വാസ പാലിയേറ്റീവ് കമ്മിറ്റി ട്രഷറർ, വിചാരം മുക്കം ട്രഷറർ, മാനവം മുക്കം ചെയർമാൻ, ‘എൻ്റെ മുക്കം’ സന്നദ്ധ സേന അഡ്വൈസറി ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം സജീവമാണ്.

