ന്യൂഡൽഹി: ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരിനെ ഉൾപ്പെടുത്തിയില്ല. 2022ലെ ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനുവരി 31വരെ അപേക്ഷിക്കാം.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാകും യാത്രയ്ക്ക് അനുമതി ലഭിക്കുക. കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങൾ 21ൽ നിന്ന് പത്താക്കി കുറച്ചത്. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ തീർഥാടകർക്ക് കൊച്ചിയാണ് എംബാർക്കേഷൻ കേന്ദ്രം.
സംസ്ഥാനത്തുനിന്നും ഏറ്റവും കൂടുതൽ തീർഥാടകർ ഹജ്ജിന് പോകുന്നതും തിരികെ എത്തുന്നതും കരിപ്പൂരിലാണ്. അതിനാൽ എംബാർക്കേഷൻ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് സൗദിക്ക് പുറത്തുള്ളവർക്ക് നേരത്തെ തീർഥാടനത്തിന് അനുമതി നൽകിയിരുന്നില്ല. ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബാസ് നഖ്വിയാണ് തീർഥാടന നടപടികൾക്ക് തുടക്കമിട്ടത്. നടപടികൾ പൂർണമായും ഡിജിറ്റലായിരിക്കും.