കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റുകളുമായി യാത്ര ചെയ്യാനെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കര്‍ണാടക പൊലീസ്. ബാവലി ചെക്ക്‌പോസ്റ്റില്‍ ഇതിനായി പ്രത്യേക പൊലീസിനെ നിയോഗിച്ചതായി എച്ച് ഡി കോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ എന്‍ ആനന്ദ് പറഞ്ഞു.
വിവിധ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കര്‍ണാടക പൊലീസ് സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശനമാക്കി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനയില്‍ വ്യാജമാണെന്ന് കണ്ടെത്തുന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
ഇതിനകം ഇത്തരത്തില്‍ 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിന്‍ ആപ്പിന് പുറമെ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷൻ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നടക്കം വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റുകളുമായി കര്‍ണാടകയിലേക്ക് എത്തിയവരെ പിടികൂടിയ സാഹചര്യത്തിലാണ് കര്‍ണാടക പൊലീസ് നടപടി കര്‍ശനമാക്കുന്നത്.