മംഗളൂരു : കര്‍ണാടകം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് തിങ്കളാഴ്ച നിലവില്‍വരും. കേരളത്തില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും.
ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍, രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ എന്നിവരൊഴികെ 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
രാജ്യത്ത് 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്സിനേഷനില്ല. നിലവില്‍ 18–-45 പ്രായപരിധിയില്‍ മുന്‍ഗണനക്കാര്‍ക്കാണ് കൂടുതലും വാക്സിന്‍ നല്‍കുന്നത്.
ഇതോടെ യാത്രക്കാരില്‍ ഏറിയപങ്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. ചെറിയ കുട്ടികളില്‍നിന്ന് സ്രവമെടുക്കുന്നത് ശ്രമകരമായതിനാല്‍ കുടുംബ സമേതമുള്ള അത്യാവശ്യ യാത്രകള് പോലും ബുദ്ധിമുട്ടാകും. വ്യാപാരികളില്‍ ഒരു ഡോസ് വാക്സിന്‍ ലഭിക്കാത്തവരും ദുരിതത്തിലായി.
ബാറുകളും ഹോട്ടലുകളും രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. പൊതു ഗതാഗതത്തില്‍ മുഴുവന്‍ സീറ്റിലും യാത്രായാകാം. ഷോപ്പിങ് മാളുകളും ജിമ്മുകളും പ്രവര്‍ത്തിക്കും.
ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന മാത്രം നടത്താം. പബ്ബുകള്‍, സിനിമ തിയറ്ററുകള്‍ എന്നിവ തുറക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും.
വാരാന്ത്യ സമ്പൂർണ്ണ കര്‍ഫ്യൂ ഒഴിവാക്കി. രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ കര്‍ഫ്യൂ ഉണ്ടാകും. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ രോഗസ്ഥിരീകരണ നിരക്കുള്ളതിനാല്‍ കുടകില്‍ നിലവിലുള്ള രണ്ടാം ഘട്ട ഇളവുകള്‍ തുടരും. വിവാഹത്തിന് നൂറു പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും പങ്കെടുക്കാം.