തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പിൽ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ടതിനാൽ കേസ് വിജിലൻസിന് വിട്ടേക്കും. അതിനിടെ സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തുടങ്ങി.
നൂറൂകോടിയിലധികം രൂപ വായ്പകൾ നൽകി തട്ടിയ സംഭവത്തിൽ വഞ്ചന, ഗൂഡാലോചന എന്നിവയെക്കൂടാതെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം. നൂറ് കണക്കിന് രേഖകൾ പരിശോധിച്ചാണ് അന്വേഷണം നടത്തേണ്ടത്. സഹകരണ വകുപ്പിലെ ഉദ്യാഗസ്ഥരേയും ചോദ്യം ചെയ്യണം. ഇക്കാര്യങ്ങൾ പരിഗണിച്ച് കേസ് വിജിലൻസിനെ ഏൽപ്പിക്കാമെന്ന അഭിപ്രായത്തിനാണ് മുൻ തൂക്കം.
ബാങ്കിൽ അഴിമതി നടന്നിട്ടുണ്ടെന്ന സഹകരണ ജോയിന്റെ റജിസ്ട്രാറുടെ റിപ്പോർട്ട് പഠിച്ച ശേഷമാകും അന്വേഷണത്തിന്റെ തുടർ നടപടികൾ തീരുമാനിക്കുക.കൃത്യമായ ഓഡിറ്റ് റിപ്പോർട്ട് പഠിച്ച ശേഷമാകും ക്രമം തെറ്റിച്ച് വായ്പ അനുവദിച്ച കാര്യങ്ങളിൽ എങ്ങനെ അന്വേഷണം വേണമെന്ന് തീരുമാനിക്കുകയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അതേ സമയം സംഭവത്തിൽ കോൺഗ്രസ്സും ബിജെപിയും പ്രതിഷേധം തുടരുകയാണ്. ബാങ്ക് ഭരണ സമിതി അംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് വരെ വിവിധ പ്രതിഷേധ പരിപാടികൾ തുടരാനാണ് ഇവരുടെ നീക്കം.