കാര്യവട്ടം ഗവ.കോളേജിലെ റാഗിങുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. സീനിയര്‍ വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് റാഗിങ് പരാതിയില്‍ സസ്പെന്‍ഡ് ചെയ്തത്.റാഗിങിന് ഇരയായ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ ആണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടപടി. അതേസമയം കോളജില്‍ നടന്നത് റാഗിങാണെന്ന് ആന്റി റാഗിംഗ് സെല്‍ കണ്ടെത്തിയിരിന്നു.
ഫെബ്രുവരി 11ന് ക്യാമ്പസിനകത്തുവെച്ചാണ് വിദ്യാര്‍ത്ഥിക്ക് റാഗിങ് നേരിടേണ്ടി വന്നത്. യൂണിറ്റ് റൂമിലേക്ക് ബിന്‍സ് ജോസിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൊണ്ടുപോകുകയും, ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിക്കുകയും ചെയ്തു. ആക്രമണത്തില്‍ തറയില്‍ വീണ വിദ്യാര്‍ത്ഥിയെ സംഘം വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും വിദ്യാര്‍ത്ഥി പറയുന്നു. പിന്നാലെയാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കുകയായിരുന്നു. കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.
ആന്റി റാഗിംഗ് സെല്‍ കഴിഞ്ഞ ഒരാഴ്ചയായി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയായിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടേയും രക്ഷിതാക്കളുടെയും ആരോപണ വിധേയരായ സീനിയര്‍ വിദ്യാര്‍ത്ഥികളുടേയുമടക്കം മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവം റാഗിങ് ആണെന്ന് സ്ഥിരീകരിച്ചതോടെ സെല്‍ പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.