കത്വ പെൺകുട്ടിയുടെ കുടുംബത്തിന് നിയമ സഹായം ലഭ്യമാക്കുന്നതിനു വേണ്ടി നടത്തിയ പണപ്പിരിവിൽ തിരിമറി നടത്തിയെന്ന പരാതിയിൽ യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് സുബൈറിനെ ചോദ്യം ചെയ്യുന്നത്.
മുൻ ലീഗ് നേതാവ് യൂസഫ് പടനിലം നൽകിയ പരാതിയിലാണ് എൻഫോഴ്സ്മെന്റ് സുബൈറിനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്. പെൺകുട്ടിയുടെ പേരിൽ പിരിച്ച ഒരു കോടി രൂപ കൂടുംബത്തിന് കൈമാറാതെ നേതാക്കൾ തന്നെ വകമാറ്റിയെന്നാണ് ആരോപണം.
പണപ്പിരിവ് നടത്തിയതിൽ കള്ളപ്പണ ഇടപാട്, വിദേശനാണ്യ വിനിമയ ചട്ട ലംഘനം എന്നിവ ഉണ്ടായോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സികെ സുബൈർ പ്രതികരിച്ചു. നേരത്തെ രണ്ട് തവണ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയെങ്കിലും ഭാര്യാ പിതാവ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സമയം നീട്ടി ചോദിക്കുകയായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു യൂസഫ് പടനിലത്തിന്റെ ആരോപണം. അതിനാല്‍ തന്നെ സംഭവത്തില്‍ സി കെ സുബൈറിനൊപ്പം പി കെ ഫിറോസിനേയും ചോദ്യം ചെയ്‌തേക്കും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അതേസമയം, സി കെ സുബൈറിന് ഇഡി നോട്ടീസ് ലഭിച്ചതില്‍ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം.
നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ച് സി കെ സുബൈർ അടുത്തിടെ പാർട്ടി സ്ഥാനങ്ങൾ രാജി വെച്ചിരുന്നു.