കാവ്യ ചോപ്ര : ജെ ഇ ഇ യിൽ പുതിയ ചരിത്രം

ന്യൂഡല്‍ഹി: ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമില്‍ (JEE) പുതു ചരിത്രം കുറിച്ച്‌ ഡല്‍ഹി സ്വദേശിനി കാവ്യ ചോപ്ര. പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് നേടിയാണ് ഈ പതിനേഴുകാരി, ഇത്തരമൊരു നേട്ടം കരസ്ഥമാക്കുന്ന ആദ്യ പെണ്‍കുട്ടി എന്ന ബഹുമതി കൂടിയാണ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. എ‍ഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയില്‍ മുന്നൂറില്‍ മുന്നൂറ് മാര്‍ക്കും നേടുന്ന ആദ്യ പെണ്‍കുട്ടിയായ കാവ്യ, ഇപ്പോള്‍ ഐഐടി പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്.

ഫെബ്രുവരിയില്‍ നടന്ന പരീക്ഷയില്‍ 99.9% മാര്‍ക്ക് നേടിയ കാവ്യ, സ്കോര്‍ മെച്ചപ്പെടുത്തുന്നതിനായാണ് മാര്‍ച്ചില്‍ വീണ്ടും പരീക്ഷ എഴുതിയത്. ഇതില്‍ മുഴുവന്‍ മാര്‍ക്കും നേടുകയും ചെയ്തു. ആദ്യം നേടിയ 99.9% സ്കോര്‍ അടിസ്ഥാനമാക്കി തന്നെ ജെഇഇ അഡ്വാന്‍സ്ഡിന് യോഗ്യത നേടാന്‍ കഴിയുമായിരുന്നുവെങ്കിലും അതില്‍ തൃപ്തയായിരുന്നില്ലെന്നാണ് കാവ്യ പറയുന്നത്. കൂടുതല്‍ മികച്ചത് ചെയ്യാനാകുമെന്ന് അറിയാമായിരുന്നുവെന്നും വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത കോച്ചിംഗ് സെന്‍ററായ കോട്ടയിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി, ഐഐടി-ദില്ലിയില്‍ നിന്നോ ഐഐടി-ബോംബെയില്‍ നിന്നോ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാനാണ് ലക്ഷ്യമിടുന്നത്. ‘കണക്ക് വളരെ ഇഷ്ടമാണ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നത് കണക്കിന്‍റെ രൂപം തന്നെയാണ്.ഒപ്പം സാമ്പത്തികമായി സ്ഥിരതയുള്ള കരിയറും’ – കാവ്യ വ്യക്തമാക്കി.

തനിക്ക് എല്ലായ്പ്പോഴും തുല്യ അവസരങ്ങളുണ്ടായിരുന്നുവെന്നാണ് ജെ‌ഇ‌ഇ മെയിനില്‍ 300 ല്‍ 300 നേടുന്ന ആദ്യ പെണ്‍കുട്ടി എന്ന ബഹുമതിയോട് വിദ്യാര്‍ത്ഥിനി പ്രതികരിച്ചത്. ‘എന്റെ മാതാപിതാക്കള്‍ എന്നോടും സഹോദരനോടും എപ്പോഴും ഒരുപോലെയാണ് പെരുമാറിയത്. ലിംഗപരമായ വിവേചനം ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇന്ത്യയിലെ പല പെണ്‍കുട്ടികളുടെയും അവസ്ഥ ഇതല്ലെന്ന് അറിയാം. എനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ലെങ്കിലും, മറ്റ് പെണ്‍കുട്ടികള്‍ കടന്നുപോകുന്ന കാര്യങ്ങളെക്കുറിച്ച്‌ അറിയാം. തന്റെ നേട്ടം മറ്റ് പെണ്‍കുട്ടികള്‍ക്ക് വാതില്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു കാവ്യയുടെ വാക്കുകള്‍.

ഡല്‍ഹിയിൽ എ‍ഞ്ചിനിയറാണ് കാവ്യയുടെ പിതാവ്. അച്ഛനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പഠനത്തിനായി എഞ്ചിനിയറിംഗ് തെരഞ്ഞെടുത്തതും. പരീക്ഷയ്ക്കായി ദിവസവും ഏഴ്-എട്ട് മണിക്കൂര്‍ വരെ പഠിച്ചിരുന്നു. ആദ്യ ശ്രമത്തില്‍ കെമിസ്ട്രിയിൽ മാര്‍ക്ക് കുറഞ്ഞിരുന്നു അതുകൊണ്ട് തന്നെ മാര്‍ച്ചിലെ പരീക്ഷയ്ക്ക് മുന്നോടിയായി കൂടുതല്‍ ശ്രദ്ധേ കേന്ദ്രീകരിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ മാനസികമായി സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെങ്കിലും പരീക്ഷയില്‍ ഉന്നത വിജയം നേടണമെന്ന ഉറച്ച വിശ്വാസം തന്നിലുണ്ടായിരുന്നുവെന്നും കാവ്യ വ്യക്തമാക്കി.

ജെഇഇ മെയിന്‍ മാര്‍ച്ചില്‍ നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ആറുലക്ഷത്തോളം പേര്‍ എഴുതിയ പരീക്ഷയില്‍ പതിമൂന്ന് കുട്ടികളാണ് മുഴുവന്‍ മാര്‍ക്കും നേടിയിരിക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന പരീക്ഷയില്‍ ഒമ്പത് കുട്ടികള്‍ 100% വിജയം കരസ്ഥമാക്കിയിരുന്നു. NTA മെയില്‍ നടത്തുന്ന പരീക്ഷ കൂടി കഴിഞ്ഞ ശേഷമാകും ആള്‍ ഇന്ത്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

spot_img

Related Articles

Latest news