മട്ടന്നൂർ: സംസ്ഥാന ആരോഗ്യവകുപ്പിന്റെ കായകൽപ്പ അവാർഡ് പൊറോറ അർബൻ പി.എച്ച്.സിക്ക് ലഭിച്ചു. സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വപരിപാലനം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച അവാർഡാണ് കായകൽപ്പ. അർബൻ പി.എച്ച്.സികളെ മൂന്നു ക്ലസ്റ്ററുകളാക്കി തിരിച്ചാണ് അവാർഡുകൾ നൽകിയത്. മൂന്നാമത്തെ വിഭാഗത്തിൽ രണ്ടാംസ്ഥാനത്തിനാണ് പൊറോറ അർബൻ പി.എച്ച്.സി. അർഹമായത്. ഒന്നരലക്ഷം രൂപയാണ് അവാർഡ് തുക.
2016-ലാണ് നാഷണൽ ഹെൽത്ത് മിഷന്റെയും മട്ടന്നൂർ നഗരസഭയുടെയും നേതൃത്വത്തിലാണ് പൊറോറയിൽ പി.എച്ച്.സി. പ്രവർത്തനം തുടങ്ങിയത്. ഒ.പി.യിൽ രാവിലെ മുതൽ വൈകീട്ടുവരെ രണ്ടു ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. ലാബ്, ഫാർമസി സൗകര്യങ്ങളുമുണ്ട്. ഡെൻറൽ, ആയുർവേദം, ഫിസിയോതെറാപ്പി വിഭാഗങ്ങളും ആഴ്ചയിൽ ഒരുദിവസം പ്രവർത്തിക്കുന്നുണ്ട്. ഒപ്പം, വിവിധ പരിശോധനാ ക്യാമ്പുകളും ബോധവത്‌കരണ ക്ലാസുകളും പി.എച്ച്.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്നു.
മട്ടന്നൂർ നഗരസഭയിൽ ഹരിത അവാർഡിനായി നടത്തിയ പരിശോധനയിൽ പൊറോറ അർബൻ പി.എച്ച്.സി. എ ഗ്രേഡ് നേടിയിരുന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നുണ്ട്. മെഡിക്കൽ ഓഫീസർ ഡോ. കെ.വി.പ്രശോഭിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ .
Media wings: