റിയാദ്: പത്തുവർഷത്തെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേളി കലാസാംസ്കാരിക വേദിയുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാടണഞ്ഞു.
അസുഖബാധിതനായ ഭർത്താവിന്റെ ചികിത്സക്കും മകളുടെ പഠനത്തിനുമായി 2016ൽ റിയാദിലെ അൽഖർജിൽ ഗാർഹിക തൊഴിലാളിയായി ജോലി തേടിയെത്തിയ ജമീല, തുടക്കത്തിൽ കരാർപ്രകാരം ജോലി ലഭിച്ചെങ്കിലും ആറുമാസത്തിന് ശേഷം ശമ്പളം കൃത്യമായി ലഭിക്കാതായതിനെ തുടർന്ന് മറ്റൊരിടത്തേക്ക് ജോലി മാറി. അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക നിലനിന്നിരുന്നെങ്കിലും ആദ്യ സ്പോൺസറുടെ കീഴിലായിരുന്നു ഇക്കാമ നിലനിന്നിരുന്നത്.
പുതിയ ജോലിസ്ഥലത്ത് ശമ്പളം കൃത്യമായി ലഭിച്ചതോടെ ഡയാലിസിസ് രോഗിയായ ഭർത്താവിന്റെ ചികിത്സയും മകളുടെ പഠനവും മൂന്നുവർഷത്തോളം മുടങ്ങാതെ മുന്നോട്ടുപോയി. എന്നാൽ ഇതിനിടെയാണ് ഭർത്താവിന്റെ ആകസ്മിക മരണം സംഭവിച്ചത്.
നാട്ടിലേക്ക് മടങ്ങുന്നതിനായി സ്പോൺസറെ സമീപിച്ചപ്പോഴാണ് അദ്ദേഹം മരണപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ എംബസിയെ സമീപിച്ച് തർഹീലിൽ രേഖകൾ പരിശോധിച്ചപ്പോൾ, സ്പോൺസർ മരണപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപേ എക്സിറ്റ് വിസ എടുത്തിരുന്നുവെന്നും അതിന്റെ കാലാവധി കഴിഞ്ഞതായും, ജമീല ‘ഉറൂബ്’ നിലയിലായതായും വ്യക്തമായി.
നിയമ നടപടികൾ ആരംഭിച്ചെങ്കിലും സമയത്തിന് നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല.
പിന്നീട് നാട്ടിൽ ജമീല ബീഗത്തിന്റെ മാതാവിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന മകളുടെ വിവാഹം തരപ്പെടുകയും ജമീല നാട്ടിലേക്ക് മടങ്ങുന്നത് താൽക്കാലികമായി മാറ്റിവെക്കുകയും. തുടർന്ന് മകളുടെ വിവാഹം നടന്നു.
കഴിഞ്ഞ വർഷം ജമീലയുടെ മാതാവും മരണപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ വീണ്ടും ശക്തമാക്കി. ഇതോടെ കേളി ജീവകാരുണ്യ കമ്മിറ്റിയെ സമീപിക്കുകയും, വിഷയത്തിൽ ഇടപെടാൻ കമ്മിറ്റിയംഗം നാസർ പൊന്നാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
നാസർ പൊന്നാനി മുഖേന വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, കേളിയുടെയും എംബസിയുടെയും നിരന്തര ഇടപെടലിന്റെ ഫലമായി വലിയ പിഴത്തുക ഒഴിവാക്കി എക്സിറ്റ് വിസ ലഭിക്കുകയും ചെയ്തു. ഇതോടെ പത്തുവർഷത്തെ ദുരിതജീവിതത്തിന് വിരാമമിട്ട് ജമീല ബീഗം കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.

