റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന ലോഗോ പ്രകാശന പരിപാടി കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം നിർവഹിച്ചു.
25 വർഷം പിന്നിടുന്ന കേളിയുടെ ആദ്യ മൂന്ന് വർഷങ്ങളിൽ വാർഷിക സമ്മേളനവും, നാലാം സമ്മേളനം മുതൽ പത്താം സമ്മേളനം വരെ ദ്വൈ വാർഷിക സമ്മേളനവുമാണ് സംഘടിപ്പിച്ചിരുന്നത്. പതിനൊന്നാം സമ്മേളനം മുതൽ മൂന്ന് വർഷത്തിലൊരിക്കൽ സമ്മേളനം നടത്തിവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
പതിനൊന്നാം സമ്മേളനത്തിൽ പ്രഖ്യാപിച്ച പദ്ധതികളിൽ ‘ഒരു ലക്ഷം പൊതിച്ചോർ’ പദ്ധതി ലക്ഷ്യം പൂർത്തീകരിച്ച് നിലവിലും തുടരുകയാണെന്ന് സാദിഖ് പറഞ്ഞു. രണ്ടാം പദ്ധതിയായ അംഗങ്ങൾക്കുള്ള ഭവന നിർമ്മാണ സഹായ പദ്ധതിയുടെ ഗുണഭോക്താക്കളെ സമ്മേളന നഗരിയിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സമൂഹത്തിൽ നിന്നു ക്ഷണിച്ച ലോഗോകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു. റിയാദിലെ മാലാസ് മേഖലയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി സനീഷ് തയ്യാറാക്കിയ ലോഗോയാണ് പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഫെബ്രുവരി 12, 13 തീയതികളിലായാണ് കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനം നടക്കുക.
പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, സുരേന്ദ്രൻ കൂട്ടായ്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് എന്നിവർ സംസാരിച്ചു.
സമ്മേളന സംഘാടക സമിതി ജോയിന്റ് കൺവീനർ നൗഫൽ സിദ്ദീഖ് സ്വാഗതവും, കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണൻ ധനുവച്ചപുരം നന്ദിയും പറഞ്ഞു.

