റിയാദ് : ജനുവരി 29, 30,31 തിയ്യതികളിൽ നടക്കുന്ന ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിൽ റിയാദിൽ നിന്നുള്ള കേളിയുടെ പ്രതിനിധി സംഘത്തെ രക്ഷാധികാരി സമിതി അംഗം കെപിഎം സാദിഖ് നയിക്കും.
കേളി രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായ്,
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ജീവകാരുണ്യ കമ്മറ്റി കൺവീനർ നസീർ മുള്ളൂർക്കര എന്നിവരാണ് കേളിയിൽ നിന്നും പങ്കെടുക്കുന്ന മറ്റ് പ്രതിനിധികൾ.
അഞ്ചാം ലോക കേരളസഭയിൽ പങ്കെടുക്കുന്നുവെന്നത് വലിയ ഉത്തരവാദിത്വവും അഭിമാനവുമാണെന്ന് സാദിഖ് പറഞ്ഞു.
പ്രവാസ ജീവിതത്തിന്റെ അധ്വാനവും ത്യാഗവും കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുരോഗതിയിൽ വഹിച്ച പങ്കും ലോക കേരളസഭയുടെ വേദിയിൽ ശക്തമായി ഉയർത്തിപ്പിടിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. പ്രവാസി മലയാളികൾ നേരിടുന്ന തൊഴിൽ, നിയമ, സാമൂഹിക സുരക്ഷാ വിഷയങ്ങൾക്കുള്ള നയപരമായ ഇടപെടലുകൾ ശക്തിപ്പെടുത്തേണ്ടതി ന്റെ ആവശ്യകത ഈ വേദിയിൽ ഉന്നയിക്കും. പ്രത്യേകിച്ച് തൊഴിലവകാശ സംരക്ഷണം, സാമൂഹ്യ സുരക്ഷ, മടങ്ങിവരുന്ന പ്രവാസികൾക്ക് പുനരധിവാസവും തൊഴിൽ അവസരങ്ങളും, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പിന്തുണ എന്നിവ കൂടുതൽ ശക്തമാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ലോക കേരളസഭയിലൂടെ പ്രവാസി സമൂഹത്തിൻ്റെ ശബ്ദം കൂടുതൽ ശക്തമായി കേരള സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും ശ്രദ്ധയിൽപ്പെടുത്താനും, ജനകീയ വികസനത്തിൻ്റെ കേരള മാതൃക ശക്തിപ്പെടുത്താനും നമുക്ക് ഒരുമിച്ച് കൈകോർക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു.
”ലോകത്തിൻ്റെ ഏതു ഭാഗത്തുള്ള മലയാളിയുടെയും നൈപുണ്യവും വൈദഗ്ധ്യവും കേരളത്തിനായി ക്കൂടി പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു ബന്ധം കേരളത്തിൽ കഴിയുന്ന സമൂഹ ത്തിനും കേരളത്തിനുപുറത്തുള്ള മലയാളി പ്രവാസി സമൂഹത്തിനും ഇടയിലുണ്ടാകണം. അത്തരത്തിലുള്ള ബന്ധത്തിലൂടെ
സംസ്ഥാനത്തുള്ള കേരളീയരെന്നും പുറത്തുള്ള കേരളീയരെന്നുമുള്ള വേർതിരിവുപോലും പതിയെ അലിഞ്ഞ് ഇല്ലാതാകും”.
ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ് നാളിതുവരെ നമുക്ക് കാണാൻ സാദിച്ചതെന്നും സാദിഖ് പറഞ്ഞു.

