റിയാദ് : ദേശാഭിമാനി മുഖപ്രസംഗം ശബ്ദരൂപത്തിലും, പത്രം പി.ഡി.എഫ്. രൂപത്തിലും റിയാദിൽ നിന്ന് ലോകമൊട്ടാകെ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന കേളി കലാസാംസ്കാരിക വേദിയുടെ സൈബർവിംഗ് വിഭാഗം പ്രവർത്തകരെ ആദരിച്ചു. സിപിഐഎം തളിപ്പറമ്പ ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് ആദരിക്കൽ ചടങ്ങ് നടന്നത്.
ഏരിയാ സെക്രട്ടറി കെ സന്തോഷിന്റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ മഹേഷ് കോടിയത്ത്, ബിന്ദ്യ എന്നിവരെ മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു. കേരള പ്രവാസി സംഘം ഏരിയാ സെക്രട്ടറി ഗംഗാധരൻ, കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം സജീവൻ ചൊവ്വ, സൈബർ വിംഗ് ചെയർമാൻ ബിജു തായമ്പത്ത്, റഫീഖ് പാലത്ത് എന്നിവർ സംസാരിച്ചു.
2015 മെയ് 26നാണ് കേളിയുടെ ഇപ്പോഴത്തെ കേളി രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം.സാദിഖ് മുഖപ്രസംഗ വായനക്ക് തുടക്കം കുറിച്ചത്. പ്രാരംഭ കാലത്ത് എഡിറ്റിംഗില്ലാതെ തുടങ്ങിയ വായന തുടർന്ന് എഡിറ്റിംഗോടുകൂടിയാണ് ദിവസവും ലോകത്തെമ്പാടുമുള്ള സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്നത്.
2016 ലാണ് ദേശാഭിമാനി ദിനപത്രം റിയാദിൽ നിന്ന് പി.ഡി.എഫ്. രൂപത്തിൽ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. അത് ഇന്നും മുടക്കം കൂടാതെ ലോകമെമ്പാടുമുള്ള ദേശാഭിമാനിയെ സ്നേഹിക്കുന്ന ജനങ്ങളുടെ മൊബൈലിലും, ടാബിലും, കംപ്യൂട്ടറിലും ഒക്കെയായി എത്തിച്ചേരുന്നു. ദേശാഭിമാനി പത്രവും മുഖപ്രസംഗവും ഡിജിറ്റൽ രൂപത്തിൽ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിലുള്ള കേളിയുടെ ഈ ഉദ്യമം റിയാദ് സന്ദർശിച്ച ദേശാഭിമാനിയുടെ ചുമതലക്കാരായ ഗോവിന്ദൻ മാസ്റ്റർ, കെ.ജെ.തോമസ്, പി.രാജീവ് എന്നിവരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.