റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം വി.എസ്. അച്യുതാനന്ദൻ നഗറിൽ ആരംഭിച്ചു. രണ്ട് ദിവസത്തെ സമ്മേളനം സിപിഐഎം മുൻ മലപ്പുറം ജില്ലാ കമ്മറ്റി അംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗവുമായ പ്രൊഫ. എംഎം നാരായണൻ ഉദ്ഘാടനം ചെയ്തു.
ഭരണാധികാരികളെ ജനം തിരഞ്ഞെടുക്കുന്നതിന് പകരം തിരഞ്ഞെടുക്കേണ്ടവരെ ഭരണാധികാരികൾ തീരുമാനിക്കുന്ന അവസ്ഥ എസ്ഐആർ മുഖേന സൃഷ്ടിക്കപ്പെടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സാമ്രാജ്യത്വ നയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ കപട ദേശീയത ഉയർത്തിപ്പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ തൊഴിൽ തേടി പ്രവാസം സ്വീകരിച്ചിരുന്നവരിൽ നിന്ന് വ്യത്യസ്തമായി, പുതിയ പ്രവാസികൾ സ്വസ്ഥജീവിതം തേടിയാണ് പോകുന്നതെന്നും, അതിനാൽ നാട്ടിലേക്ക് മടങ്ങാൻ മടിക്കുന്ന പ്രവണത വർധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളെ ഉൾക്കൊള്ളുന്നതിൽ പല രാഷ്ട്രങ്ങളും വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ, കേരളത്തെ പ്രതിസന്ധിക്കാലങ്ങളിലും കൈപിടിച്ചുയർത്തി ഇന്ത്യയിലെ മികച്ച പ്രതിശീർഷ വരുമാന സംസ്ഥാനമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രവാസികളിൽ നിന്നുള്ള വരുമാന ഉറവ വറ്റാൻ സാധ്യതയുണ്ടെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റ് രജീഷ് പിണറായി താൽക്കാലിക അധ്യക്ഷനെ ക്ഷണിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനം പ്രസിഡന്റ് സെബിൻ ഇഖ്ബാൽ ആദ്യദിന നടപടിക്രമങ്ങൾ നിയന്ത്രിച്ചു. രാജീവും സംഘവും ആലപിച്ച സ്വാഗതഗാനത്തോടെ തുടക്കമായ സമ്മേളനത്തിൽ സതീഷ് കുമാർ വളവിൽ, നൗഫൽ സിദ്ധീഖ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതം പറഞ്ഞു.
പതിനൊന്നാം സമ്മേളനത്തിൽ പ്രഖ്യാപിച്ച ഭവന നിർമ്മാണ സഹായ പദ്ധതിയുടെ ഫണ്ട് സുനിൽ ഉദിനൂക്കാരനും ഇസ്മായിൽ കൊടിഞ്ഞിക്കും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കൈമാറി. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കുടുംബവേദി സെക്രട്ടറി ഷഹീബ വികെ, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, എൻആർകെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ, റെഡ് സ്റ്റാർ സെക്രട്ടറി റിയാസ് പള്ളാട്ട്, ദേശാഭിമാനി റിയാദ് റിപ്പോർട്ടർ ഷമീർ കുന്നുമ്മൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
രണ്ടാം ദിവസം പ്രതിനിധി സമ്മേളനം നടക്കും. 15 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 380 പേർ സമ്മേളനത്തിൽ പങ്കെടുക്കും.

