തിരുവനന്തപുരം :-കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ പുരസ്കാരം. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന് 4.0ല്‍ ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം കരസ്ഥമാക്കി. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയില്‍ നിന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി സ. വീണാ ജോര്‍ജ് പുരസ്കാരം ഏറ്റുവാങ്ങി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പദ്ധതി വിനിയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളായ കോഴിക്കോടും കോട്ടയവും ആണ്. ഒരു മണിക്കൂറില്‍ 180 രോഗികള്‍ക്ക് വരെ (1 മിനിറ്റില്‍ പരമാവധി 3 രോഗികള്‍ക്ക്) പദ്ധതിയുടെ ആനുകൂല്യം നല്കാന് കഴിഞ്ഞതിലൂടെയാണ് കേരളം രാജ്യത്ത് ഒന്നാമത് എത്തിയത്. കാസ്പ് രൂപീകരിച്ച് ഇതുവരെ 43.4 ലക്ഷം സൗജന്യ ചികിത്സ ലഭ്യമാക്കിയതിലൂടെ 1636.07 കോടി രൂപ സംസ്ഥാനം ചെലവഴിച്ചു. നിലവില്‍ കേരളത്തില്‍ 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സ്വകാര്യ ആശുപത്രികളിലൂടെയും പദ്ധതിയുടെ സേവനം ലഭ്യമാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി പരമാവധി പേര്‍ക്ക് ചികിത്സാ സഹായം നല്‍കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. കാസ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് (എസ്എച്ച്എ) രൂപം നല്‍കാനും സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് ചികിത്സ ഏകോപിക്കാനും എൽഡിഎഫ് സർക്കാരിന് കഴിഞ്ഞതാണ് രാജ്യത്തിന് തന്നെ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ കേരളത്തിന് കരുത്തായത്.