നിയമസഭാ സമ്മേളനത്തിന് ഇന്ന് ആരംഭം

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീർത്ത അനിശ്ചിതത്വത്തിനും നാടകീയതക്കുമൊടുവിൽ ഇന്ന് നിയമസഭാസമ്മേളനത്തിന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാം സമ്മേളനത്തിന് തുടക്കമാവുക. അതേസമയം, പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ചേക്കുമെന്നാണ് സൂചന.

അവസാന മണിക്കൂറിൽ സർക്കാരിനെ മുൾമുനയിൽ നിർത്തിയ ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചത്. അസാധാരണ സാഹചര്യത്തെ ഗവർണർ മുന്നോട്ട് വച്ച ഉപാധികൾ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ മറികടന്നത്. ഇന്ന് രാവിലെ 9 മണിക്കാണ് ഗവർണറുടെ നയപ്രഖ്യാപനം.

നയപ്രഖ്യാപന പ്രസംഗത്തിൽ മറ്റുവല്ല സസ്‌പെൻസും ഗവർണർ കരുതി വെച്ചിട്ടുണ്ടോയെന്നതും ശ്രദ്ധേയമാണ്.

സർക്കാരും ഗവർണറും തമ്മിൽ നടക്കുന്നത് കൊടുക്കൽ വാങ്ങലാണെന്ന ആരോപണം ശക്തമാക്കിയ പ്രതിപക്ഷം, ഇന്നത്തെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കാനാണ് സാധ്യത. രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടിയോഗം ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കും. ഹിജാബ് വിഷയത്തിലെ നിലപാടിനെതിരെ സഭക്കകത്ത് ഗവർണക്കർക്കെതിരെ പ്രതിപക്ഷം പ്രതിഷേധം തീർക്കുമെന്നും സൂചനയുണ്ട്.

ലോകായുക്താ ഓർഡിനൻസും കെഎസ് ഇ ബി വിവാദവും, എം ശിവശങ്കറിന്റെ ആത്മകഥയും അതിനോടുളള സ്വപ്നാസുരേഷിന്റെ മറുപടിയും ഉൾപ്പെടെ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷത്തിൻന്റെ ആവനാഴിയിൽ അമ്പുകളേറെയാണ്. പ്രതിപക്ഷ ആക്രമണങ്ങളുടെ മുനയൊടിക്കാൻ സർവായുധ സന്നദ്ധരാണ് ഭരണപക്ഷവും.

ചുരുക്കത്തിൽ ഭരണ പ്രതിപക്ഷ വാക്‌പോരിൽ സഭാതലം പ്രക്ഷുബ്ധമാകുമെന്നുറപ്പ്. ലോകായുക്ത ഓർഡിനൻസിനെ അതിശക്തമായി എതിർക്കുന്ന സി.പി.ഐ. സഭയിൽ എന്തുനിലപാട് സ്വീകരിക്കുമെന്നതും ഈ സമ്മേളന കാലയളവിലെ ശ്രദ്ധേയ ഘടകമാണ്.

രണ്ടുഘട്ടങ്ങളിലായി മാർച്ച് 23 വരെയാണ് സഭ സമ്മേളിക്കുക. മാർച്ച് 11 ന് അവതരിപ്പിക്കുന്ന ബജറ്റാണ് ഈ സമ്മേളനത്തിലെ പ്രധാന അജണ്ട.

spot_img

Related Articles

Latest news