കലാശപ്പോരിലെ എതിരാളികളെ നാളെ അറിയാം
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരെ ഗോള്‍മഴ തീര്‍ത്ത് കേരളം ഫൈനലിൽ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികളെ ആവേശ തിമര്‍പിലാക്കിയ മത്സരത്തില്‍ പത്ത് ഗോളുകളാണ് പിറന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളത്തിന്റെ വലയിലേക്ക് കര്‍ണാടക പന്ത് എത്തിച്ചെങ്കിലും കേരളത്തിന്റെ തകര്‍പ്പന്‍ തിരിച്ചു വരവാണ് മഞ്ചേരിയിലെത്തിയ കാണികള്‍ കണ്ടത്. 30ാം മിനുറ്റില്‍ പകരക്കാരനായി ജസിനെത്തിയത് മുതലാണ് കേരളത്തിന്റെ കളി മാറിയത്.
മൈതാനത്തെത്തി പത്ത് മിനുറ്റ് തികയുമ്പോഴേക്കും മൂന്ന് ഗോളുകളാണ് ജസിന്‍ കര്‍ണാടകത്തിന്റെ പോസറ്റിലേക്ക് പായിച്ചത്. 45ാം മിനുറ്റില്‍ ഷിഗിലും കേരളത്തിനായി ഗോള്‍ കണ്ടെത്തി.
ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന കേരളം രണ്ടാം പകുതിയിലും മികച്ച മുന്നേറ്റത്തിലൂടെ കര്‍ണാടകയെ ശരിക്കും തകര്‍ത്തെറിയുകയായിരുന്നു. രണ്ടാം പകുതിയില്‍ കേരളത്തിനായി രണ്ട് ഗോളുകള്‍ കൂടി ജെസിന്റെ ബൂട്ടില്‍ നിന്ന് പിറന്നു. അര്‍ജുന്‍ ജയരാജന്‍ കൂടി സ്‌കോര്‍ ചെയ്തതോടെ കേരളത്തിന്റെ പട്ടിക പൂര്‍ത്തിയായി.
ഒറ്റപ്പെട്ട ആക്രമണങ്ങളുമായി കര്‍ണാടക തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും രണ്ട് ഗോള്‍ മാത്രമാണ് രണ്ടാം പകുതിയില്‍ അവര്‍ക്ക് നേടാനായത്. അങ്ങനെ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ല ജെസിന്റെ അഞ്ച് ഗോൾ മികവിൽ കേരളം കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് ഫൈനലില്‍.
Mediawings: