മഹാമാരിക്കാലത്ത് രാജ്യമെങ്ങും ഗുരുതരമായ ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടുമ്പോള്‍ നാടിന് അനുഗ്രഹമായി കെഎംഎംഎല്ലിലെ ഓക്സിജന്‍ പ്ലാന്റ്. കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ എം എം എല്‍ ഓക്സിജന്‍ ഉല്‍പ്പാദനം പരമാവധി വേഗത്തിലാക്കിയിരിക്കുകയാണ്.
സാധാരണ അവധി ദിവസങ്ങളില്‍ ലോഡിങ്ങ് ഉണ്ടാകാറില്ല. എന്നാല്‍, കോവിഡ് സാഹചര്യം കണക്കിലെടുത്ത് അവധി ദിനത്തിലും ലോഡ് അയക്കുകയാണ് ഇപ്പോള്‍. ഇതു പ്രകാരം ശനിയാഴ്ചയും മെഡിക്കല്‍ ഓക്സിജനുമായി ടാങ്കറുകള്‍ കെ എം എം എല്ലിന്റെ കവാടം കടന്നു. ആറുമാസത്തിനിടെ 1000 ടണ്ണിലേറെ മെഡിക്കല്‍ ഓക്സിജനാണ് കെ എം എം എല്‍ ആരോഗ്യമേഖലയ്ക്ക് നല്‍കിയത്.
കെ എം എം എല്‍ പ്ലാന്റുകള്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കാറുണ്ട് . ഞായര്‍, രണ്ടാം ശനി, നാലാം ശനി എന്നിവ സാധാരണ അവധി ദിവസങ്ങളാണ്. അവധി ദിവസങ്ങളില്‍ സാധാരണ മാര്‍ക്കറ്റിങ് സെക്ഷന്‍ പ്രവര്‍ത്തിക്കുകയോ ഉല്‍പ്പന്നങ്ങള്‍ ഡെസ്പാച്ച് ചെയ്യുകയോ ഇല്ല.
2020 ഒക്ടോബര്‍ 20ന് പ്രവര്‍ത്തനം ആരംഭിച്ച ഓക്സിജന്‍ പ്ലാന്റില്‍ നിന്ന് ദിനം പ്രതി ആറു ടണ്‍ വീതം ദ്രവീകൃത ഓക്സിജനാണ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിതരണംചെയ്യുന്നത്. പെസോ (പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍)യുടെ നിര്‍ദേശാനുസരണം തിരുവല്ലയിലെ ഓസോണ്‍ ഗ്യാസ്, കൊച്ചിയിലെ മനോരമ ഗ്യാസ്, കോഴിക്കോട്ടെ ഗോവിന്ദ്ഗ്യാസ് എന്നീ മൂന്ന് ഏജന്‍സികള്‍ക്കാണ് ഓക്സിജന്‍ നല്‍കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനപ്രകാരം ദ്രവീകൃത ഓക്സിജന്‍ ടണ്ണിന് 11,500 രൂപ വരെ വില ഈടാക്കാമെങ്കിലും കെ എം എം എല്‍ കുറഞ്ഞ വിലയ്ക്കാണ് നല്‍കുന്നത്. സ്വകാര്യ മേഖലയ്ക്കോ വിദേശ രാജ്യങ്ങള്‍ക്കോ കെ എം എം എല്‍ ഓക്സിജന്‍ നല്‍കുന്നില്ല.