കേരളത്തിന്റെ ക്യാപ്റ്റന്‍; ധര്‍മടത്തിന്റെ സ്വകാര്യ അഹങ്കാരം

കണ്ണൂര്‍: ഇടതുപക്ഷത്തിനും സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനും ക്യാപ്റ്റനുമാണ്. എന്നാല്‍ ധര്‍മടത്ത് ഈ മേലങ്കികളെല്ലാം പിണറായി എന്ന ഒറ്റവാക്കിലൊതുങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തില്‍ കേരളത്തിലെ 14 ജില്ലകളിലും പര്യടനം നടത്തിയ ശേഷമാണ് ഇന്നലെ വീണ്ടും തന്റെ മണ്ഡലമായ ധര്‍മടത്ത് പിണറായി പര്യടനം തുടങ്ങിയത്.

ഇനി ധര്‍മടത്തുണ്ടാകുമ്പോഴും കേരളത്തിലെ പ്രചാരണം മുഴുവന്‍ പിണറായി ശ്രദ്ധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെ വലിയ ആള്‍ക്കൂട്ടങ്ങളും ആരവവും പിണറായി വിജയനെ ആവേശം കൊള്ളിക്കാറില്ല. ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേരുകയെന്ന സ്വഭാവവും പൊതുവിലില്ല. എന്നാല്‍ കാച്ചിക്കുറിയ പ്രസംഗം ചാട്ടുളിപോലെ തൊടുത്തുവിട്ട് അണികളെ കൈയിലെടുക്കാന്‍ പിണറായിക്കു കഴിയും.

കേരളത്തിലെ ഓരോ മണ്ഡലത്തിലെയും പ്രശ്‌നങ്ങള്‍ പിണറായിക്കറിയാം. അവിടുത്തെ വോട്ടര്‍മാരുടെ വികാരവുമറിയാം. അതിനു തക്ക പ്രസംഗവുമായാണ് വേദിയില്‍ കയറുക. പ്രസംഗത്തിനൊരു സമയം നിശ്ചയിച്ചിട്ടുണ്ടാകും. പ്രസംഗത്തിനിടെ ഇടക്കിടെ വാച്ചിലേക്കു നോക്കും. പറയാനുള്ളതെല്ലാം പറഞ്ഞോ എന്ന് ഒരു മിനുട്ട് നേരത്തെ ഓര്‍ത്തെടുക്കലുണ്ട്. അതും പറഞ്ഞശേഷം വേദി വിട്ട് മറ്റൊരു വേദിയിലേക്ക്.

14 ജില്ലകളിലും പര്യടനം നടത്തിയതില്‍ ഇക്കുറി കണ്ട പ്രത്യേകത കുട്ടികളുടെ തള്ളിക്കയറ്റമാണെന്നാണ് അദ്ദേഹം പറയുന്നത്. മുതിര്‍ന്നവരെപ്പോലെ അവരും പെരുമാറുന്നു. അവരുടെ ആവേശം വലിയ അനുഭവം തന്നെയാണ്. കേരളത്തിലെ മണ്ഡലങ്ങളെല്ലാം ഇടതിനെ വിജയിപ്പിക്കാന്‍ പാകപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

സ്വന്തം മണ്ഡലമായ ധര്‍മടത്തെ ആദ്യഘട്ട പര്യടനത്തിനു ശേഷം 14 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കി 30നു കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് പര്യടനം അവസാനിച്ചത്. ഇന്നലെ വീണ്ടും ധര്‍മടത്തെത്തി രണ്ടാംഘട്ട പര്യടനം തുടങ്ങി. ധര്‍മടത്തിന്റെ പിണറായി വിജയന്‍ കേരളത്തിന്റെ ക്യാപ്റ്റനാകുന്നത് ധര്‍മടക്കാര്‍ക്ക് അഭിമാനമാണ്. പിണറായി സ്ഥലത്തില്ലാത്ത സമയത്തും മണ്ഡലം പ്രതിനിധി പി. ബാലന്റെ നേതൃത്വത്തില്‍ ഇടതു നേതൃത്വം എണ്ണയിട്ട യന്ത്രം പോലെ ധര്‍മടത്ത് സജീവമാണ്.

പ്രചാരണം കഴിഞ്ഞ് എല്ലാ ദിവസവും സംസ്ഥാനത്തെ പ്രധാന ഇടതു നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് പിണറായിയുടെ ഉറക്കം. ധര്‍മടത്ത് പിണറായിയുടേത് രണ്ടാം അങ്കമാണ്. ആദ്യഅങ്കത്തില്‍ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയായതിന്റെ സ്വകാര്യ അഹങ്കാരം സൂക്ഷിക്കുന്ന ധര്‍മടത്തുകാര്‍ക്ക് അദ്ദേഹം ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കാന്‍ ഓടി നടക്കുന്നതില്‍ പരാതിയില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

കോൺഗ്രസിലെ സി രഘുനാഥനും ബിജെപിയിലെ സി കെ പദ്മനാഭനുമാണ് ഇടതു പക്ഷത്തിന് മുൻതൂക്കമുള്ള ധർമ്മടത്തെ മുഖ്യ എതിരാളികൾ. വാളയാറിൽ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിയും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ട്

spot_img

Related Articles

Latest news