കൊവിഡ് ധനസഹായം: തദ്ദേശ സ്ഥാപനങ്ങൾ ക്യാമ്പുകൾ നടത്തും

കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാതെ വിട്ടുപോയവരെ കണ്ടെത്തി അപേക്ഷ വാങ്ങാനായി തദ്ദേശ സ്ഥാപനതലത്തിൽ ക്യാമ്പുകൾ നടത്താൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. കൊവിഡ് മരണം സ്ഥിരീകരിക്കാൻ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരെ പങ്കെടുപ്പിച്ചാവും ക്യാമ്പുകൾ. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഓൺലൈൻ യോഗത്തിൽ കളക്ടർ നിർദേശം നൽകി. വില്ലേജ് ഓഫീസിൽ ലഭിച്ച അപേക്ഷകളുടെ പോരായ്മകൾ കണ്ടെത്തി, ആവശ്യമായ രേഖകൾ വാങ്ങി അംഗീകരിച്ചുനൽകാൻ തഹസിൽദാർമാർക്ക് കളക്ടർ ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ നിർദേശം നൽകി. രണ്ടു ദിവസത്തിനകം അർഹരായ മുഴുവൻ പേരുടെയും അപേക്ഷ ഓൺലൈനായി സമർപ്പിക്കാനാണ് കളക്ടറുടെ നിർദേശം. ജില്ലയിൽ കോവിഡ് ധനസഹായത്തിനായി 1189 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 822 പേരുടെ ധനസഹായം അംഗീകരിച്ചു നൽകി.

അപേക്ഷ നൽകേണ്ടത് ഓൺലൈനായി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കുള്ള ധനസഹായത്തിനായി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതിനായി, മരിച്ച വ്യക്തിയുടെ വിവരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് https://covid19.kerala.gov.in/deathinfo/ എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട പൊതുജനാരോഗ്യ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന കോവിഡ് മരണം സ്ഥിരീകരിക്കുന്ന കോവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെൻറ് അടക്കമുള്ള രേഖകൾ സഹിതം https://relief.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകണം. ലിസ്റ്റിൽ ഇല്ലെങ്കിൽ അപ്പീൽ അപേക്ഷ നൽകാനാവും. ജില്ലയിൽ കോവിഡ്-19 രോഗബാധയെതുടർന്ന് നാളിതുവരെ 3148 മരണങ്ങളാണ് ഔദ്യോഗിക ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള രേഖകൾ: കോവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെൻറ്, മരിച്ചയാളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ, അപേക്ഷകന്റെ ആധാർ കാർഡ്, റേഷൻ കാർഡ്, ധനസഹായം ലഭ്യമാക്കേണ്ട അടുത്ത ബന്ധുക്കളുടെ ബാങ്ക് പാസ്ബുക്ക്.

Mediawings:

spot_img

Related Articles

Latest news