കോഴിക്കോട് : സിപിഎമ്മിൽ വിശ്വാസികൾക്കും അംഗത്വം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ. പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. സിപിഎം ഒരു മതത്തിനും എതിരല്ല. സിപിഎമ്മിനോട് അടുക്കുന്ന വിശ്വാസികളെ അകറ്റാൻ ലീഗ് ശ്രമിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. കോഴിക്കോട് നടക്കുന്ന സിപിഎം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മുസ്ലീം ലീഗ് പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആ ഒറ്റപ്പെടലിന്റെ ജാള്യം മറക്കാനാണ് പല തരത്തിലുള്ള സമരപരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണ്. കേരളത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ലീഗിന്റെ ആസൂത്രിതമായ പദ്ധതിയാണ്.മതന്യൂനപക്ഷങ്ങളെ കേന്ദ്രം വേട്ടയാടുകയാണ്. ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് അല്ല. ഇന്ത്യയിലെ ബൂർഷാ വർഗത്തിന് വേണ്ടി നിൽക്കുന്ന രണ്ട് പാർട്ടികളാണ് ബി.ജെ.പിയും കോൺഗ്രസും. കോൺഗ്രസിന്റെ സമീപനം ബി.ജെ.പിയെ നേരിടാൻ പറ്റുന്നതല്ല. കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്നും ഇന്ത്യ ഹിന്ദുകൾ ഭരിക്കണം എന്നാണ് രാഹുൽ ഗാന്ധി പറയുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Mediawings: