കൊച്ചി: കോവിഡ് വ്യാപനം തടയാൻ വോട്ടെണ്ണൽ ദിവസം ദുരന്തനിവാരണ നിയമപ്രകാരം ലോക്ഡൗൺ പ്രഖ്യാപിക്കലടക്കം തീരുമാനങ്ങളെടുക്കേണ്ടത് ബന്ധപ്പെട്ട അധികാരികളാണെന്ന് തെരെഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തുമെന്ന് കമീഷനും വോട്ടെണ്ണല്‍ ദിവസം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 26ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് സര്‍ക്കാറും അറിയിച്ചു.
വോട്ടെണ്ണല്‍ ദിവസം 24 മണിക്കൂര്‍ ലോക്‌ഡൗണും ആവശ്യമെങ്കിൽ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പ്രഖ്യാപിക്കണമെന്നതടക്കം ആവശ്യപ്പെട്ട് സമർപ്പിച്ച മൂന്ന് ഹരജിയിലാണ് കമീഷെൻറയും സർക്കാറിെൻറയും വിശദീകരണം. സർവകക്ഷി യോഗം വിളിച്ച സാഹചര്യം പരിഗണിച്ച് ജസ്‌റ്റിസ് വി.ജി. അരുൺ, ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരജികൾ വീണ്ടും 27ന് പരിഗണിക്കാൻ മാറ്റി.