നിരോധിത ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും ഉല്‍പാദിപ്പിക്കുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ കര്‍ശനമാക്കി. പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹരിതകേരള -ശുചിത്വ മിഷനുകള്‍ സംയുക്തമായി നടത്തിയ സൈന്‍ ബോര്‍ഡ് പ്രിന്റിംഗ് ഏജന്‍സി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ബോര്‍ഡ് പ്രതിനിധി കെ അനിത ഇക്കാര്യമറിയിച്ചത്. പി വി സി ഫ്‌ളക്‌സ്, പോളിസ്റ്റര്‍, സൈലോണ്‍, കൊറിയന്‍ ക്ലോത്ത് എന്നിവയും ഒററത്തവണ ഉപയോഗിച്ച് കളയുന്ന പേപ്പര്‍ കപ്പ്, ക്യാരിബാഗുകള്‍, തെര്‍മൊക്കോള്‍ പ്ലേറ്റുകള്‍ എന്നിവയും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇവ വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സൈന്‍ ബോര്‍ഡ് പ്രിന്റിംഗ് സ്ഥാപനങ്ങളുടെ ബോര്‍ഡില്‍ ഫ്‌ളക്‌സ് എന്ന വാക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും ഈ ബോര്‍ഡ് നീക്കം ചെയ്യാത്തവര്‍ക്കെതിരെയും, റീസൈക്കിളിംഗ് ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗ് ജോലികള്‍ മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും പിഴ ഉള്‍പ്പെടെയുള്ള നടപടിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം രാജീവ്, ഹരിതകേരള മിഷന്‍ പ്രതിനിധി എം നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
Media wings: