കെ ഫോൺ ഉൽഘാടനത്തിന് സജ്ജമാക്കി കേരള സർക്കാർ.

തിരുവനന്തപുരം :കേരളത്തിൽ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാനും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പുവരുത്താനും എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച കെ–ഫോൺ (കേരള ഫൈബർ ഒപ്റ്റിക്‌ നെറ്റ്‌വർക്‌) ഉദ്ഘാടനത്തിന്‌ സജ്ജമായി.

‘ഒരു നിയോജകമണ്ഡലത്തിൽ നൂറ്‌ പാവപ്പെട്ട വീട്‌’ പദ്ധതിയിൽ 4000 കുടുംബത്തിന്‌ ഇപ്പോൾ കണക്‌ഷൻ നൽകും. ആകെ 14,000 വീട്ടിലാണ്‌ എത്തുക. അർഹരായ കുടുംബങ്ങളുടെ പട്ടിക സെപ്റ്റംബർ 20നു മുമ്പ്‌ തദ്ദേശ സ്ഥാപനങ്ങൾ കെ–ഫോണിന്‌ കൈമാറും.

സർക്കാർ ഓഫീസുകളിൽ ഇൻസ്റ്റലേഷൻ നേരത്തേ കഴിഞ്ഞിരുന്നു. 8000 ഓഫീസിൽ കണക്‌ഷൻ നടപടികളുമായി. ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി വൺ ലൈസൻസും ഇന്റർനെറ്റ്‌ സർവീസ്‌ പ്രൊവൈഡിങ്‌ ലൈസൻസും പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുവദിച്ചു. പദ്ധതിയുടെ 83 ശതമാനം നിർമാണം പൂർത്തിയായതായി മുഖ്യമന്ത്രി സ. പിണറായി വിജയൻ നേരത്തേ തന്നെ അറിയിച്ചിരുന്നു. ധനസമ്പാദനം സംബന്ധിച്ചും സേവനം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും രൂപീകരിക്കാനും സെക്രട്ടറിതല സമിതി രൂപീകരിച്ചിട്ടുണ്ട്. പദ്ധതിക്ക്‌ 476.41 കോടി രൂപയാണ് ചെലവഴിച്ചത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ്‌ കെ-ഫോണിന്റെ നടത്തിപ്പുചുമതല.

കേരളത്തിന്റെ സ്വപ്നപദ്ധതി പൂർത്തിയാകുന്നതോടെ പിന്നാക്കം നിൽക്കുന്ന 20 ലക്ഷം വീട്ടിലും 30,000 സർക്കാർ ഓഫീസിലും മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ലഭിക്കും. ഇതോടെ ഡിജിറ്റൽ സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഏറ്റവും മികച്ച സംസ്ഥാനമാകും. 8551 കിലോമീറ്റർ അടിസ്ഥാന കേബിളും 26,410 കിലോമീറ്റർ കണക്‌ഷൻ കേബിളുകളുമാണ്‌ കെ-ഫോണിനായി സ്ഥാപിച്ചത്‌.

spot_img

Related Articles

Latest news