കേരള ഹരിത ഊര്‍ജ മിഷൻ: അഞ്ച്‌ വര്‍ഷത്തിനകം 3000 മെഗാ വാട്ട്‌ ഹരിതോര്‍ജം

കേരള ഹരിത ഊര്‍ജ മിഷന്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ അഞ്ച് വര്‍ഷത്തിനകം 3000 മെഗാവാട്ട് ഹരിതോര്‍ജം ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഊര്‍ജ വകുപ്പ് നേതൃത്വത്തില്‍ മിഷന്‍ രൂപീകരണത്തിനുള്ള പദ്ധതി തയ്യാറാക്കി.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സൗരോര്‍ജമടക്കം ഉല്‍പ്പാദിപ്പിക്കുകയാണ് മിഷന്റെ മുഖ്യചുമതല. ഹരിതോര്‍ജ പദ്ധതി നടപ്പാക്കാന്‍ വിഭവ സമാഹരണത്തിനുള്ള നടപടി സ്വീകരിക്കും. കാര്‍ഷിക, മത്സ്യവിഭവങ്ങളുടെ മൂല്യവര്‍ധന സംരംഭവും നടപ്പാക്കും.

കര, ജല ഗതാഗത വാഹനങ്ങള്‍ ഘട്ടമായി വൈദ്യുതി ഊര്‍ജമാക്കാന്‍ ഇടപെടും. വൈദ്യുതി വാഹനം വാങ്ങുന്നവര്‍ക്ക് ധനസഹായം, ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ഏകോപനം തുടങ്ങിയ ചുമതലയും മിഷന്‍ വഹിക്കും. ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ശ്രമിക്കും. കടലില്‍ കാറ്റാടി യന്ത്രം സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കും.

കെഎസ്‌ഇബി, അനെര്‍ട്ട്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍, ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നിവ ഹരിതോര്‍ജ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല മിഷനായിരിക്കും. മിഷന് കീഴില്‍ സംസ്ഥാന, ജില്ലാ സമിതികള്‍ രൂപീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തമുള്ള സമിതിയുമുണ്ടാകും.

മിഷന്‍ രൂപീകരണത്തിനുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. അംഗീകാരം ലഭിക്കുന്നതോടെ മിഷന്‍ നിലവില്‍ വരും.

spot_img

Related Articles

Latest news