പെരുമണ്ണ: മതിൽ നിർമ്മാണത്തിന് വേണ്ടി പില്ലർ നിർമ്മിക്കുന്ന പ്രവൃത്തിയിലേർപ്പെട്ട തൊഴിലാളികളുടെ ദേഹത്തേക്ക് മതിൽ തകർന്നു വീണതിനെ തുടർന്ന് മണ്ണിനടിയിൽ പെട്ട് ഒരാൾ മരിച്ചു. പാലാഴി മേപ്പറമ്പത്ത് മേത്തൽ ബൈജു (48) വാണ് മരിച്ചത്. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ അറത്തിൽ പറമ്പ് വാർഡിൽ നേരത്തെ നിർമ്മിച്ച വില്ലകളുടെ സുരക്ഷാ മതിൽ നിർമ്മാണത്തിലായിരുന്നു തൊഴിലാളികൾ.നേരത്തെ പില്ലർ നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്തിരുന്നു. ഉയരം കൂടിയ മതിൽ വെള്ളിയാഴ്ച കാലത്ത് പത്ത് മണിയോടെ ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്ത് പതിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പന്തീരാങ്കാവ് പൊലീസിന്റെയും മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിശമന സേനയുകയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഒരു മണിക്കൂറോളം ശ്രമകരമായ തെരച്ചിൽ നടത്തിയതിനെ തുടർന്നാണ് മണ്ണിനടിയിൽ പെട്ട ആളെ കണ്ടെത്താനായത്. ഉടൻ തന്നെ മെഡിക്കൽ കൊളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാർഡ് അംഗം കെ.കെ.ഷമീർ , ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.എ. പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.