5 വർഷം 15,000 സ്റ്റാർട്ടപ് ; 2 ലക്ഷം തൊഴിൽ ; ഗൂഗിളുമായി കൈകോർത്ത് കേരളം

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നവീനസാങ്കേതിക രംഗത്ത് 15,000 സ്റ്റാര്‍ട്ടപ് ആരംഭിക്കും.

ഈ മേഖലയില്‍ രണ്ടുലക്ഷം തൊഴിലവസരമാണ് ഇതുവഴി സൃഷ്ടിക്കുക. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ് സംരംഭകരുടെ ദ്വിദിന ആഗോള വെര്‍ച്വല്‍ ഉച്ചകോടി ‘ഹഡില്‍ ഗ്ലോബല്‍ 2022′ ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ച് വര്‍ഷം കൊണ്ട് 15,000 സ്റ്റാര്‍ട്ടപ്പുകളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015നു ശേഷം 3200 കോടി രൂപയുടെ നിക്ഷേപം സ്റ്റാര്‍ട്ടപ് മേഖലയില്‍ ആകര്‍ഷിക്കാനായി. കൊച്ചിയില്‍ സ്ഥാപിച്ച ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ മാതൃകയില്‍ തിരുവനന്തപുരത്ത് എമര്‍ജിങ് ടെക്നോളജീസ് സ്റ്റാര്‍ട്ടപ് ഹബ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ആദ്യ ആക്സിലറേറ്റര്‍ സംവിധാനവും ഫിനിഷിങ് സ്കൂളും ഹഡില്‍ ഗ്ലോബലിന്റെ മൂന്നാം പതിപ്പില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് കെഎസ്യുഎമ്മിന്റെ സഹകരണത്തോടെയാണ് ഫിന്‍ടെക് ആക്സിലറേറ്റര്‍ ആരംഭിച്ചത്. അനീഷ് അച്യുതന്‍, മേബെല്‍ ചാക്കോ, ദീന ജേക്കബ്, അജീഷ് അച്യുതന്‍ എന്നിവരാണ് ഓപ്പണിന്റെ സ്ഥാപകര്‍.

ആഗോള സംരംഭകരുമായി ഇവിടത്തെ സ്റ്റാര്‍ട്ടപ് സമൂഹത്തിനുള്ള ബന്ധം ശക്തമാക്കുന്നതില്‍ കെഎസ്യുഎമ്മിനുള്ള പങ്ക് നിസ്തുലമാണെന്ന് അധ്യക്ഷനായ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഏഷ്യയുടെ ഫിന്‍ടെക് തലസ്ഥാനമാകാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് ലണ്ടന്‍ സിറ്റി മേയറും ഡിഎല്‍എ പൈപ്പറിന്റെ പങ്കാളിയുമായ ആല്‍ഡെര്‍മാന്‍ വിന്‍സെന്റ് കീവ്നി പറഞ്ഞു.
ഉച്ചകോടിയുടെ ആദ്യദിനം ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്സ്, ഹബിറ്റാറ്റ്, ജെട്രോ, ഗ്ലോബല്‍ ആക്സിലറേറ്റര്‍ നെറ്റ്വര്‍ക്ക്, ഐ ഹബ് ഗുജറാത്ത്, നാസ്കോം, സിഎസ്‌എല്‍ എന്നിവയുമായി കെഎസ്യുഎം ധാരണപത്രങ്ങള്‍ ഒപ്പിട്ടു. വിവിധ സെഷനുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സമ്മേളനത്തിലുണ്ട്. കെഎസ്യുഎം സിഇഒ ജോണ്‍ എം തോമസ് സ്വാഗതം പറഞ്ഞു.

ഗൂഗിളുമായി കൈകോര്‍ത്ത് കേരളം
കേരള സ്റ്റാര്‍ട്ടപ് മിഷനും ഗൂഗിളിന്റെ സ്റ്റാര്‍ട്ടപ് പരിപോഷണ വിഭാഗമായ ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്സുമായി ആഗോളതല സഹകരണത്തിന് ധാരണയായി. ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പിന്റെ നിര്‍ദേശം, പരിശീലനം എന്നിവ ഇനി സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിക്കിടെ ഗൂഗിള്‍ സ്റ്റാര്‍ട്ടപ് ആക്സിലറേറ്റര്‍ ഇന്ത്യാ മേധാവി പോള്‍ രവീന്ദ്രനാഥാണ് സഹകരണം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോകോത്തര സാങ്കേതിക മേഖലയിലേക്ക് കടക്കാന്‍ സഹകരണം സഹായിക്കുമെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു.

Mediawings:

spot_img

Related Articles

Latest news