ന്യൂഡല്‍ഹി: മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ് കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തീരുമാനിച്ചതെന്ന് കേരളം ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നല്കിയ കേസ് നിലനില്‍ക്കില്ലെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.കെ. സദാശിവന്, കെ. അജിത് എന്നിവര്‍ നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തമവിശ്വാസത്തോടെ സ്വതന്ത്രമായി കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. ക്രിമിനല്‍ നടപടി ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുക്കേണ്ടത് പബ്ലിക് പ്രോസിക്യൂട്ടര്‍ ആണെന്നും കേരളം അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭയ്ക്കുള്ളില്‍ നടന്ന കയ്യാങ്കളിയില്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. സ്പീക്കറുടെ അനുമതി ഇല്ലാതെയാണ് അന്നത്തെ നിയമസഭ സെക്രട്ടറി കേസ് നല്‍കിയതെന്നും കേരളം ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൊവ്വാഴ്ച്ച ഹര്‍ജി പരിഗണിക്കും
കേരളത്തിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. അഭിഭാഷകന് എം.ആര്. രമേശ് ബാബുവാണ് ചെന്നിത്തലയുടെ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. നിയമസഭയുടെ അന്തസ്സ് കെടുത്തുന്ന തരത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കരുതെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം.
2015-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റവതരണത്തിനിടെയാണ് നിയമസഭയില്‍ പ്രതിഷേധം അരങ്ങേറിയത്. കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കുന്നത് അടക്കമുള്ള നിരവധി സംഭവങ്ങള്‍ക്ക് നിയമസഭ അന്ന് സാക്ഷ്യം വഹിച്ചിരുന്നു.