കണ്ണൂർ: കേരളത്തെ ടൂറിസം സംസ്ഥാനമാക്കി മാറ്റാനുളള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തലശ്ശേരി എരഞ്ഞോളിയില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ അനന്തമാണ്. അതില്‍തന്നെ മലബാറാണ് ടൂറിസം വികസനത്തിന് ഏറെ അനുയോജ്യമായിട്ടുള്ളത്. ഇപ്പോഴും അധികമൊന്നും ഉപയോഗപ്പെടുത്താത്തതാണ് മലബാറിലെ പ്രദേശങ്ങള്‍.
ടൂറിസം രംഗത്ത് മുന്നേറ്റമുണ്ടാക്കിയ എല്ലാ രാജ്യങ്ങളിലും അതിന്റെ ബ്രാന്റ് അംബാസഡര്‍മാരായി നിന്നത് അവിടത്തെ ജനങ്ങളാണ്. പ്രഫഷണലായി ടൂറിസ്റ്റുകളെ സ്വീകരിക്കാനും ആതിഥ്യമേകാനും കഴിയണം. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ് ഇതിനാവശ്യമായ പരിശീലനം. അത്തരമൊരു സംരംഭമാണ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടെന്നും മന്ത്രി പറഞ്ഞു.