കണ്ണൂർ: ജനറൽ കോച്ചില്ലാത്ത റിസർവേഷൻ തീവണ്ടികളിൽ ടിക്കറ്റ് കിട്ടാതെ സ്ഥിരംയാത്രക്കാർ പുറത്ത്. തിരക്ക് കാരണം സ്റ്റേഷനിലും ക്വാട്ട കൂട്ടാതെ ഓൺലൈനിലും അവർ വെയിറ്റിങ്ങിലായി. സേവനനികുതിഭാരം താങ്ങാനാകാതെ ഓൺലൈൻ വിട്ട് കൗണ്ടർ ടിക്കറ്റിന് എത്തിയവർ പുറത്താണ്.
യു.ടി.എസ്. ആപ്പും എ.ടി.വി.എം. മെഷീനും ജനസാധാരൺ ടിക്കറ്റ് കൗണ്ടറും ഇല്ലാത്തതിനാൽ മുഴുവൻ യാത്രക്കാരും സ്റ്റേഷൻ കൗണ്ടറിലാണ്. സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റിന് അധികനികുതി ഒഴിവാകുമെങ്കിലും നീണ്ട തിരക്ക് കാരണം ഒന്നിലധികം ടിക്കറ്റ് കിട്ടാറില്ല. ഐ.ആർ.സി.ടി.സി. ഓൺലൈൻ ടിക്കറ്റിനുള്ള നിയന്ത്രണം നീക്കിയില്ല.
ഓൺലൈൻ റിസർവേഷൻ ടിക്കറ്റ് പരിധി ഒരുമാസം ആറിൽ നിന്ന് 50-ലേക്ക് ഉയർത്താനുള്ള ശുപാർശ നടപ്പാക്കാത്തത് വലിയ തിരിച്ചടിയായി.
ദക്ഷിണ റെയിൽവേ ചെന്നൈ ഓഫീസിൽനിന്ന് മാസങ്ങൾക്ക് മുമ്പ് കത്തയച്ചിരുന്നു. പിന്നീട് മൂന്നുതവണ ഓർമിപ്പിച്ചിട്ടും ബോർഡ് മുഖംതിരിച്ചു. ഐ.ആർ.സി.ടി.സി. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തവർക്ക് 12 ടിക്കറ്റ് കിട്ടും. ഇതുകൊണ്ട് സ്ഥിരം യാത്രക്കാരുടെ ഒരുവശത്തേക്കുള്ള യാത്രയ്ക്കുപോലും തികയില്ല.
ദീർഘദൂരയാത്രയ്ക്കും 100 രൂപയ്ക്ക് കീഴിലുള്ള ചെറുദൂരയാത്രയ്ക്കും ഒരുപോലെ സേവനനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പാസഞ്ചർ അസോസിയേഷനുകൾ ആവശ്യപ്പെട്ടു. ജനറൽ കോച്ചുകൾ അനുവദിക്കുംവരെ ഹ്രസ്വദൂര യാത്രക്കാർക്ക് ടിക്കറ്റ് നിയന്ത്രണം ഒഴിവാക്കണം എന്നതും പ്രധാന ആവശ്യമാണ്. ബാങ്ക് വഴി ഓൺലൈൻ പേമെന്റ് വരുമ്പോൾ അതിന്റെ സെക്യൂരിറ്റിക്കും മറ്റുമായി സേവനനികുതി ഏർപ്പെടുത്തേണ്ടിവരുന്നു എന്നാണ് അധികൃതർ പറയുന്നത്.
വേണം ജനറൽ കോച്ചുകൾ.
രാവിലെ മംഗളൂരു-ഷൊർണൂർ ഭാഗത്തേക്കുള്ള സ്ഥിരംയാത്രക്കാർക്ക് ഒരു അൺ റിസർവ്ഡ് വണ്ടിപോലുമില്ല. പരശുറാം അടക്കം റിസർവേഷനാണ്. കൗണ്ടറിൽ 45 രൂപയുള്ള സിറ്റിങ് റിസർവേഷന് ഓൺലൈനിൽ 62 രൂപയാണ്. അതായത് 45 രൂപ ടിക്കറ്റിന് 39 ശതമാനം സർവീസ് ചാർജ്. ഓൺലൈനിൽ ഒരു ഐ.ഡി.യിൽനിന്ന് ഒരുമാസം ആറ്‌് ടിക്കറ്റ് (ആധാർ ലിങ്ക് ചെയ്താൽ 12) മാത്രമേ എടുക്കാനാകു. ഇതു രണ്ടും കിട്ടാതെ കൗണ്ടർ വഴി തത്കാൽ എടുത്താൽ 75 രൂപ നൽകണം.
കണ്ണൂരിൽനിന്ന് കോഴിക്കോടുവരെ (89 കിലോമീറ്റർ) യാത്ര ചെയ്യുന്ന ഒരാൾക്ക് ഒരുമാസം 20 ദിവസം യാത്ര ചെയ്താൽ ചുരുങ്ങിയത് 3000 രൂപയെങ്കിലും ആകും. കൗണ്ടർ ടിക്കറ്റിന് 65 രൂപയാണ്. ഓൺലൈനിൽ 83 രൂപയും. മെയിൽ ആണെങ്കിൽ ഇത് യഥാക്രമം 80 രൂപയും 98 രൂപയും ആണ്.
കേരളത്തിൽ മംഗളൂരു-ചെന്നൈ എഗ്മോർ ഒഴികെ മുഴുവൻ എക്‌സപ്രസ് വണ്ടികളും ഓടുന്നുണ്ട്. മെമുവിലും രണ്ട് അൺ റിസർവ്ഡ് എക്‌സപ്രസിലും മാത്രമാണ് ജനറൽ കോച്ചുള്ളത്.
Mediawings: