തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ കേരള സർവകലാശാലയില്‍ നടപടികള്‍ തുടരുന്നു. അവധിയില്‍ പ്രവേശിച്ച ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി. പകരം ഹേമ ആനന്ദിനെ ജോയിന്റ് രജിസ്ട്രാറായി വിസി നിയമിച്ചു. ഭരണവിഭാഗത്തില്‍ നിന്നും ഹരികുമാറിനെ അക്കാദമിക് വിഭാഗത്തിലേക്ക് വൈസ് ചാൻസലർ മാറ്റുകയും ചെയ്തിട്ടുണ്ട്.
സർവകലാശാല രജിസ്ട്രാറുടെ ചുമത പ്ലാനിങ് ഡയറക്ടർ ഡോ. മിനി കാപ്പന് നല്‍കി വിസി ഉത്തരവ് പുറപ്പെടുവിച്ചു. രജിസ്ട്രാർ ഡോ. കെ എസ് അനില്‍കുമാർ ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റ പശ്ചാത്തലത്തിലാണ് വിസിയുടെ നടപടി. എന്നാല്‍ ചുമതല ഒഴിയാൻ ഡോ. കെ എസ് അനില്‍കുമാർ തയ്യാറായിട്ടില്ല. ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെയാണ് രജിസ്ട്രാർ അനില്‍കുമാറിനെ വിസി സസ്പെൻഡ് ചെയ്തത്. എന്നാല്‍ ഞായറാഴ്ച ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗം രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കുകയായിരുന്നു.
ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗം ബഹളത്തെത്തുടർന്ന് താല്‍ക്കാലിക വൈസ് ചാൻസലർ ഡോ സിസ തോമസ് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ അതിനുശേഷവും യോഗം തുടരുകയും, ജോയിന്റ് രജിസ്ട്രാർ യോഗത്തില്‍ സംബന്ധിച്ചതിലുമാണ് വിസി റിപ്പോർട്ട് തേടിയത്. ഇന്നു രാവിലെ 9 മണിയ്ക്കകം റിപ്പോർട്ട് നല്‍കാനായിരുന്നു നിർദേശം. എന്നാല്‍ വിസിക്ക് മറുപടി നല്‍കാതെ ജോയിന്റ് രജിസ്ട്രാർ ഹരികുമാർ രണ്ടാഴ്ചത്തെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.
രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് യോഗം പിൻവലിച്ചതും, ചട്ടവിരുദ്ധമായി ചേർന്ന യോഗത്തിന്റെ മിനുട്സ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസിയുടെ നിലപാട്. ഇതിലാണ് ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനോട് വിസി റിപ്പോർട്ട് തേടിയത്. ഞായറാഴ്ച ഓഫീസിലെത്തിയ രജിസ്ട്രാറുടെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ വൈസ് ചാൻസലർ, അനില്‍കുമാർ ഓഫീസിലെത്തിയത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു.