ജറുസലേം: ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിനിടെ മലയാളി യുവതി കൊല്ലപ്പെട്ടതായി വിവരം.. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32)ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇന്നലെ വൈകുന്നേരം താമസസ്ഥലത്തുണ്ടായ ഷെല്ലാക്രമണത്തിലാണ് സൗമ്യ മരിച്ചത്.
ഗാസ്ക അഷ്കലോൺ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്നലെ ഭർത്താവുമായി വീഡിയോകോളിൽ സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്. സൗമ്യ മരിച്ചതായി ജില്ലാ ഭരണകൂടത്തിനോ അധികൃതർക്കോ ഔദ്യോഗിക വിവരം ലഭിച്ചില്ലെങ്കിലും സൗമ്യ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ മുൻപഞ്ചായത്ത്മെമ്പർ സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.