ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഡയറ്റ് പ്ലാനുകളിലൊന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജെനിക് ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാല്‍ തലച്ചോറിന് ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. ഭക്ഷണം കഴിച്ച് കൊണ്ടുതന്നെ മെലിയാമെന്നതാണ് കീറ്റോ ഡയറ്റിന്റെ പ്രധാന ആകര്‍ഷണം. പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍ – ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക.
എങ്കിലും ഇതിനും ചില ദോഷഫലങ്ങളുണ്ട്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാണ് കീറ്റോ ഡയറ്റിലൂടെ പ്രധാനമായും ശരീരത്തിലെത്തുക. അതിന് പ്രാധാന്യം കൊടുക്കുന്നതോടെ ഫൈബര്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവില്‍ നല്ലതോതിലുള്ള കുറവ് വരുന്നു. ദഹനസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന തടസ്സമാണ് കീറ്റോ ഡയറ്റിന്റെ ഒരു ദോഷഫലം. ആദ്യം സൂചിപ്പിച്ചത് പോലെ ഫൈബറിന്റെ അളവ് കുറവായതിനാല്‍ തന്നെ ദഹനപ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നു. മലബന്ധം, വയറിളക്കം, ഇറെഗുലര്‍ ബവല്‍ സിന്‍ഡ്രോം തുടങ്ങിയ അവസ്ഥകളാണ് ഇതുമൂലം ഉണ്ടാവുക. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലൂടെ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്.
കീറ്റോ ഡയറ്റ് പിന്തുടര്‍ന്നാല്‍ ശരീരത്തില്‍ ‘ഇലക്‌ട്രോലൈറ്റുകളുടെ’ അളവില്‍ ഗണ്യമായ കുറവ് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതായത് അമിതമായ രീതിയില്‍ മൂത്രം പുറത്തുപോകുന്നതിനാല്‍ ശരീരത്തില്‍ സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം പോലുള്ള ഇലക്‌ട്രോലൈറ്റുകള്‍ കുറയുന്നു. ഇത് പിന്നീട് വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് 15 മുതല്‍ 20 ശതമാനം വരെ മാത്രം ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.