നാലു വയസിൽ താഴെയുളള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് നിർബന്ധമാക്കും

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികൾ ശരിയായ പാകത്തിലുള്ള ഹെൽമറ്റ് ധരിച്ചിട്ടുണ്ടെന്ന് വാഹനം ഓടിക്കുന്നയാൾ ഉറപ്പാക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പറയുന്നു. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് മന്ത്രാലയം പുതിയ നിർദേശങ്ങൾ ഉൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.

 

*വേഗതാ നിയന്ത്രണം*

 

കുട്ടികളെയും വെച്ച് ഓടിക്കുന്ന ഇരുചക്ര വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ അധികമാകാൻ പാടില്ലെന്നും കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇരുചക്ര വാഹനാപകടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിർദേശങ്ങൾ.

 

*സുരക്ഷാ ബെൽറ്റ്*

 

ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന നാലു വയസിൽ താഴെയുള്ള കുട്ടികളെ ഡ്രൈവറുമായി സുരക്ഷാ ബെൽറ്റുമായി ബന്ധിപ്പിച്ചിരിക്കണമെന്നും നിർദേശിക്കുന്നു. കുട്ടികളുടെ നെഞ്ചിന് സുരക്ഷ നൽകും വിധമുള്ള ബെൽറ്റാണ് ഉപയോഗിക്കുക. കവചത്തിന് സമാനമായ ബെൽറ്റ് വാഹനം ഓടിക്കുന്ന ആളിന്റെ തോളിലൂടെ ഘടിപ്പിക്കണം. ബെൽറ്റ് ഭാരം കുറഞ്ഞതും അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നതും വാട്ടർപ്രൂഫുമാകണം.

spot_img

Related Articles

Latest news