തിരുവനന്തപുരം : കിഫ്ബി പദ്ധതികളുടെ ഗുണ നിലവാരത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഉന്നയിക്കപ്പെട്ട പരാതികളില്‍ നടപടിയുണ്ടാകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കിഫ്ബി പദ്ധതിക്ക് നിശ്ചിത ഗുണനിലവാര മാനദണ്ഡമുണ്ട്. ഉദ്യോഗസ്ഥര്‍ നല്കിയ വിശദ പദ്ധതിരേഖയുടെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിക്കപ്പെട്ട പാതയ്ക്ക് അനുമതി നല്‍കിയത്.
ആവശ്യമായ വീതി 13.6 മീറ്ററാണ്. എന്നാല്‍, ചില ഭാഗത്ത് ആറ് മീറ്ററേ ഉണ്ടായിരുന്നുള്ളൂ. നിലവില്‍ ലഭ്യമായ വീതിയില്‍ പണിയുകയോ അല്ലെങ്കില്‍ കൂടുതല്‍ ഭൂമിയേറ്റെടുത്ത് മാനദണ്ഡപ്രകാരം നിര്‍മിക്കുകയോ ആണ് മുന്നിലുള്ള വഴി. ഇക്കാര്യത്തില്‍ പ്രായോഗികപ്രശ്നം നോക്കി നിയമപരമായി പ്രവര്‍ത്തിക്കും.
പുതിയ പദ്ധതികളില്‍ പദ്ധതിരേഖ സമര്പ്പിക്കുമ്ബാള് പ്രോജക്ട് എന്‍ജിനിയറിങ് ഡ്രോയിങ്(പിഇഡി) കൂടി ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥ കര്‍ശനമാക്കി. ഇത് ഇല്ലാത്തവയ്ക്ക് അനുമതി നല്‍കില്ല. ഇതോടെ വീതിയിലടക്കമുള്ള പ്രശ്നം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
മുന്നില്‍ പൊതുമരാമത്ത് കിഫ്ബി പദ്ധതികളില്‍ കൂടുതല്‍ തുക വിനിയോഗിച്ചത് പൊതുമരാമത്ത് വകുപ്പ്. 6771.04 കോടി രൂപ. വ്യവസായത്തിന് 1840.54 കോടി, പൊതുവിദ്യാഭ്യാസത്തിന് 1282.25 കോടി, ജലവിഭവ വകുപ്പിന് 1064.04 കോടിയും വകയിരുത്തി. ഹരിതപദ്ധതിക്കായി 1100 കോടി രൂപ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍നിന്ന് വായ്പയെടുക്കും.
ഇതിന് കേന്ദ്ര ഏജന്‍സികളില്‍നിന്ന് അനുമതി തേടിയിട്ടുണ്ട്. വായ്പയുടെ ടേം ഷീറ്റ് ബോര്‍ഡ് യോഗം അംഗീകരിച്ചു. 500 കോടിയുടെ ജലവിതരണ പദ്ധതികളും ആരോഗ്യ മേഖലയില്‍നിന്നുള്ള 600 കോടിയുടെ പദ്ധതികളുമാണ് ഇതിലുള്ളത്. യോഗത്തില്‍ കിഫ്ബി സിഇഒ കെ എ എബ്രഹാം പങ്കെടുത്തു.