തിരുവനന്തപുരം : വിദേശ വായ്പയുമായി ബന്ധപ്പെട്ട് കിഫ്ബിയെ കുരുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചു കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ പ്രസ്താവനക്ക് ശേഷമാണ് ഇ.ഡി ഇത്തരം ഒരു തീരുമാനവുമായി മുന്നോട്ടു പോകുന്നത്.
നിർമ്മലാ സീതാരാമന്റെ പ്രസ്താവനക്കെതിരെ ശക്തമായ ഭാഷയിലാണ് സംസ്ഥാന ധന മന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്.കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രംജിത് സിംഗ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല.
സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ കുടുക്കാൻ ഇ ഡി കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും എന്തെങ്കിലും തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഇത്തരം നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നു ആരോപിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഒരു തരത്തിലുള്ള വിട്ടു വീഴ്ചയും ഈ കാര്യത്തിൽ വേണ്ടെന്നാണ് സർക്കാർ നിലപാട്.