അമൃത്സര്‍: പഞ്ചാബില്‍ മകളുടെ കാമുകന്റെ കുടുംബത്തിലെ നാലു പേരെ പിതാവ് വെടിവച്ചു കൊന്നു. ഗുര്‍ദാസ്പുര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ബറ്റാലയിലെ ബലര്വാള് സ്വദേശിയായ സുഖ്ജിന്ദര്‍ സിംഗ് എന്നയാളാണ് കൊലപാതകം നടത്തിയത്.
ജര്മ്മന്ജീത്ത് സിംഗ് എന്ന യുവാവുമായി സുഖ്ജിന്ദര്‍ സിംഗിന്റെ മകള്‍ പ്രണയത്തിലായിരുന്നു. സംഭവമറിഞ്ഞ് കലിപൂണ്ട സുഖ്ജിന്ദര്‍, ജര്മ്മന്ജീത്തിന്റെ ഫാമിലെത്തി. ജര്മ്മന്ജീത്തും അദ്ദേഹത്തിന്റെ പിതാവ് സുഖ് വിന്ദര്‍ സിംഗും സ്ഥലത്തുണ്ടായിരുന്നു.
ഏറെ നേരത്തെ വാക്ക് തര്‍ക്കത്തിനൊടുവില്‍ സുഖ്ജീന്ദര്‍ സിംഗ് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഇരുവര്‍ക്കും നേരെ നിറയൊഴിച്ചു. വെടിയേറ്റ സുഖ്വിന്ദര് സിംഗ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ജര്മ്മന്ജീത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഉടന്‍ തന്നെ സംഭവമറിഞ്ഞ് ജര്മ്മന്ജീത്തിന്റെ മുത്തച്ഛന് മംഗള്‍സിംഗ്, ബന്ധുകളായ ജസ്ബീര്‍ സിംഗ്, ബാബന്ദീപ്, ജഷന്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് സുഖ്ജീന്ദര്‍ ഇവര്‍ക്ക് നേരെയും നിറയൊഴിച്ചു. വെടിയേറ്റ മംഗള്‍സിംഗ്, ജസ്ബീര്സിംഗ്, ബാബന്ദീപ് എന്നിവരും കൊല്ലപ്പെട്ടു. വെടിയേറ്റ ജഷന്‍ ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിന് ശേഷം സുഖ്ജീന്ദര്‍സിംഗ് ഒളിവില്‍പോയി. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ജര്മ്മന്ജീത്ത്, ജഷന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.