റിയാദ്: കണ്ണൂരിന്റെ സാംസ്കാരിക പൈതൃകവും ഒത്തൊരുമയും ഒരു പോലെ ഉയർത്തിക്കാട്ടി കിയോസ് (കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓര്ഗനൈസേഷൻ) ന്റെ പതിനൊന്നാം വാര്‍ഷികാഘോഷം സമാപിച്ചു. കിയോത്സവം എന്ന് പേരിട്ട ആഘോഷങ്ങളുടെ മുഖ്യ ആകർഷണം പ്രമുഖ സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന് , പിന്നണി ഗായിക സയനോര ഫിലിപ്പ്, നസീര്‍ മിന്നലെ, ദേവിക ബാബുരാജ് തുടങ്ങിയവർ നയിച്ച സംഗീത വിരുന്നായിരുന്നു.
കിയോസ് രക്ഷാധികാരി എഞ്ചി. ഹുസൈന് അലി ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളനത്തിൽ ചെയര്മാന് ഡോ. സൂരജ് പാണയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പൂക്കോയ തങ്ങള്‍ കിയോസിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. അബ്ദുറഹ്മാന് അല്‍ അത്താസ്, (സൗദി പ്രമുഖൻ )സാബിത് കോഴിക്കോട് (ഫ്ളൈഇൻഡ്കോ : മുഖ്യ പ്രയോജകൻ ) ,സജ്ജാദ് (മസായ ട്രാവൽസ് ), രഞ്ജിത്ത് (എ. കെ. എസ് ലോജിസ്റ്റിക്) അജിത് (റിയാദ് വില്ല), ക്ലീറ്റസ് (എൻ ആർ കെ ഫോറം), ഷംനാദ് (മീഡിയ ഫോറം ) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കൺവീനർ ഇസ്മയിൽ കണ്ണൂർ സ്വാഗതവും ഷൈജു പച്ച നന്ദിയും പറഞ്ഞു. നിതിൻ കണ്ടമ്പേത്ത് അവതാരകനായിരുന്നു.
പ്രവാസി പുനരധിവാസത്തിനായി കിയോസ് അംഗങ്ങളില്‍ നിന്ന് രണ്ടുകോടി രൂപ മൂലധനം സമാഹരിച്ച് കിയോ ഇന്‍ഫ്രാ ആന്റ് ആഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതായി ചെയർമാൻ ചടങ്ങിൽ അറിയിച്ചു. കമ്പനിയിൽ കിയോസ് അംഗങ്ങൾക്ക് പുറമേ കണ്ണൂര്‍ ജില്ലയില്‍ നിന്നുളളവര്‍ക്കും നിക്ഷേപത്തിന് അവസരം നൽകും.
റഫീക്ക് വടകരയുടെ നേതൃത്വത്തിൽ ലൈവ് ഓർക്കസ്ട്ര പിന്തുണച്ച ഗാനമേളയ്ക്ക് പുറമേ, ചടങ്ങിന് മിഴിവ് പകർന്ന തിരുവാതിരയും മറ്റ് നൃത്തനൃത്യങ്ങളും ചിട്ടപ്പെടുത്തിയ ബിന്ദു ടീച്ചറെയും ചടങ്ങിൽ ആദരിച്ചു. ആദിഷ് സൂരജ് , ഹരിപ്രിയ ശ്രീനിവാസ് തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. പങ്കാളിത്തം കൊണ്ട് മലയാളി സമൂഹം മഹോത്സവമാക്കി മാറ്റിയ കലാ പരിപാടികൾ രാവേറെ നീണ്ടു നിന്നു.