കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഹാജരാക്കിയ രേഖകളില്‍ ചിലത് വ്യാജമെന്ന സംശയത്തില്‍ അന്വേഷണ സംഘം. മൊഴിയിലും രേഖകളിലും വൈരുധ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഷാജിയെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് വിജിലന്‍സ് ഈ നിഗമനത്തില്‍ എത്തിയത്.
തുടര്‍ച്ചയായി രണ്ടാം ദിനമായ വ്യാഴാഴ്ചയും രാവിലെ പത്തര മുതല്‍ ഉച്ചവരെ തൊണ്ടയാട്ടെ വിജിലന്‍സ് ഓഫിസില്‍ എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ ഷാജിയെ ചോദ്യം ചെയ്തു. കണ്ണൂരിലെ വീട്ടില്‍നിന്ന് പിടിച്ച 47 ലക്ഷം രൂപയുടെ സ്രോതസ്സായി കാണിച്ചത് തെരഞ്ഞെടുപ്പ് ഫണ്ട് പിരിവ് രശീതിയും അതിൻ്റെ കൗണ്ടര്‍ ഫോയിലുകളുമാണ്. ഇവയാണ് പ്രധാനമായും വ്യാജമെന്ന് അന്വേഷണ സംഘം സംശയിക്കുന്നത്.
അഴീക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ഷാജിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുടെ മൊഴിയെടുക്കാനും സംഘം തീരുമാനിച്ചതായാണ് വിവരം.ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് നല്കിയ രേഖകളില്‍ ചിലതിൻ്റെ ആധികാരികത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഓഫിസുകളിലുള്ള ചില റെക്കോഡുകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്.
രേഖ വ്യാജമെന്ന് തെളിഞ്ഞാല്‍ വ്യാജരേഖ ചമക്കലടക്കം കുറ്റം ചുമത്തി ഷാജിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യത ഏറെയാണ്. ആഡംബര വീട് പണിത മാലൂര്‍ക്കുന്നിലെ ഭൂമി വാങ്ങിയതിലടക്കമുള്ള ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഷാജിയുടെ ഭാര്യ ആശയെയും ചോദ്യം ചെയ്യും.
എം.എല്‍.എയായിരിക്കെ കണ്ണൂര്‍ അഴീക്കോട്ടെ സ്കൂളിന് പ്ലസ് ടു അനുവദിച്ചുകിട്ടാന്‍ ഷാജി സ്കൂള്‍ മാനേജ്മെന്റില്‍നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയതായി ആരോപണം ഉയര്‍ന്നതോടെയാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചത്.