കോഴിക്കോട്: ഖത്തറിലെ കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റർ (കെഎംസിസി) ഓഫീസില്‍ നിന്ന് എട്ടുകോടി രൂപ കവർച്ച ചെയ്ത സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് പൊലീസില്‍ കീഴടങ്ങി. കൊയിലാണ്ടി സ്വദേശി ബാലകൃഷ്‌ണനാണ് കീഴടങ്ങിയത്. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേയ്ക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി സ്‌ട്രോംഗ് റൂം ഗ്യാസ് കട്ടറുപയോഗിച്ച് തുറക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് ഇയാളുടെ മൊഴി.
നാട്ടില്‍ വെല്‍ഡിംഗ് തൊഴിലാളിയായിരുന്നു ബാലകൃഷ്ണൻ. 2025 സെപ്‌തംബറിലായിരുന്നു സംഭവം നടന്നത്. ജോലി വാഗ്ദാനം ചെയ്ത് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ബാലകൃഷ്‌ണൻ പറയുന്നത്. ഖത്തറിലെ ഒരു ഓഫീസിന്റെ സ്‌ട്രോംഗ് റൂമിന് തകരാറുണ്ടെന്നും അത് ശരിയാക്കണമെന്നും പറഞ്ഞായിരുന്നു കൊണ്ടുപോയത്. ഇതിന് പത്തുലക്ഷം രൂപയാണ് ഓഫർ ചെയ്തതെന്നും ബാലകൃഷ്ണൻ പറയുന്നു. കവർച്ചാശ്രമമാണെന്നറിഞ്ഞപ്പോള്‍ തടയാൻ ശ്രമിച്ചു. എന്നാല്‍ വധഭീഷണിയടക്കം ഉണ്ടായതോടെയാണ് സ്‌ട്രോംഗ് റൂം തുറക്കേണ്ടി വന്നതെന്നും ബാലകൃഷ്‌ണന്റെ മൊഴിയിലുണ്ട്.
കവർച്ചക്കുശേഷം സംഘം ഖത്തറില്‍ നിന്ന് കടന്നുകളഞ്ഞു. 50,000 രൂപയാണ് ബാലകൃഷ്‌ണന് ലഭിച്ചതെന്നാണ് വിവരം . നാട്ടിലെത്തിയതിനുശേഷം കടുത്ത മാനസിക സംഘർഷത്തിലായ ബാലകൃഷ്‌ണൻ മുസ്ലീം ലീഗില്‍ അംഗത്വമെടുക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. പിന്നീടാണ് ബിജെപിയില്‍ ചേരുന്നത്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. കെഎംസിസി കവർച്ചാകേസില്‍ ആറുപ്രതികളാണുള്ളത്. അഞ്ചുപേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
‘പോകാൻ തയ്യാറായി നില്‍ക്കണം, വിസയും ടിക്കറ്റുമെല്ലാം റെഡിയായതിനുശേഷം വിളിക്കും, അപ്പോള്‍ തയ്യാറായി നില്‍ക്കണം എന്നാണ് അവർ പറഞ്ഞത്. രാത്രി കണ്ണൂർ എയർപോർട്ടില്‍ എത്തണമെന്നും പറഞ്ഞു. പണിക്കെന്നുപറഞ്ഞാണ് കൊണ്ടുപോയത്. റാഷി, സായി ബാബ എന്നിവർക്കൊപ്പമാണ് ഖത്തറില്‍ പോയത്. അവിടെ ഷാജിയും എത്തി. അവിടെ ഒരു ഹോട്ടലിലാണ് താമസിച്ചത്. കവർച്ചയെക്കുറിച്ച് അറിയില്ലായിരുന്നു’- എന്നാണ് ബാലകൃഷ്‌ണന്റെ മൊഴി.

