റിയാദ്: കെ.എം.സി.സി റിയാദ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന മണ്ഡലം തല സെവന്‍സ് ഫൂട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ 20 ഡിസംബര്‍ വെള്ളിയാഴ്ച അല്‍വാദി സോക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
2034 ലെ വേള്‍ഡ് കപ്പ് നടത്തുന്നതിന് വേണ്ടി അനുമതി ലഭിച്ചിട്ടുള്ള സൗദി അറേബ്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള ആഘോഷ പരിപാടികളും ഗ്രൗണ്ടില്‍ വെച്ച് നടക്കും.
പന്ത്രണ്ടോളം ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകളും അന്നേ ദിവസം നടക്കും. ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഗ്രീന്‍ ലയണ്‍സ് കൊടുവള്ളി ഗ്രീന്‍ ഹോഴ്‌സ് കൊടുവള്ളിയേയും രണ്ടാമത്തെ മത്സരത്തില്‍ ബ്ലൂ സീ എഫ്‌സി കൊയിലാണ്ടി കാലിക്കറ്റ് സിറ്റി സ്‌ട്രൈക്കേഴ്‌സിനേയും നേരിടും. ഇതിൽ വിജയിക്കുന്നവർ രണ്ടാം സെമിയിൽ ഏറ്റുമുട്ടും.
ആദ്യ സെമിയിൽ ഫാല്‍ക്കണ്‍ ബാലുശ്ശേരിയും, ബേപ്പൂര്‍ സോക്കറുമായി ഏറ്റുമുട്ടും.
വിന്നേഴ്‌സ്, റണ്ണേഴ്‌സ് ടീമുകള്‍ക്കുള്ള ട്രോഫിയും, മാന്‍ ഓഫ് ദ മാച്ച്, പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ്, ടോപ്പ് സ്‌കോറര്‍, ഏറ്റവും നല്ല ഗോള്‍ കീപ്പര്‍ എന്നിവര്‍ക്കുള്ള ഉപഹാരവും ടൂര്‍ണമെന്റില്‍ വെച്ച് നല്‍കുന്നതാണ്. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ലക്കി കൂപ്പണ്‍ നറുക്കെടുപ്പ് ഗ്രൗണ്ടില്‍ വെച്ച് നടക്കും. വിജയികളെ പ്രവചിക്കുന്നവര്‍ക്ക് പ്രത്യേക ഉപഹാരം നൽകും.
വിവിധ തലങ്ങളിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍, മുസ്ലീംലീഗ് നേതാക്കള്‍, സംഘടനാ പ്രതിനിധികള്‍, സ്‌പോണ്‍സര്‍മാര്‍, കെ.എം.സി.സി നാഷണല്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.