കോഴിക്കോട് (നോളജ് സിറ്റി): ജാമിഅ മര്‍കസിന്റെ മീലാദ് ക്യാമ്പയിന് തുടക്കം കുറിക്കുന്ന അല്‍മൗലിദുല്‍ അക്ബര്‍ നാളെ (തിങ്കളാഴ്ച) നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കും. രാജ്യത്തെ തന്നെ ഏറ്റവും വലിയ മൗലിദ് സംഗമമായി കണക്കാക്കപ്പെടുന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം കാല്‍ലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിക്കുന്ന സംഗമം ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിക്കും. ഇന്ത്യൻ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ മീലാദ് സന്ദേശ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
വിവിധ മൗലിദ് പാരായണങ്ങളും പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ആലാപനങ്ങളും ആത്മീയ ഉപദേശങ്ങളും പ്രാര്‍ഥനകളും നടത്തപ്പെടും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നത നേതാക്കളും ആഗോള പണ്ഡിതന്‍മാരും സാദാത്തുക്കളും സംഗമത്തിന് നേതൃത്വം നല്‍കും.
സമസ്ത ട്രഷറര്‍ പി. ടി. കുഞ്ഞമ്മു മുസ്ലിയാര്‍ കോട്ടൂര്‍, വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് അലി ബാഫഖി തങ്ങള്‍, പി. എ. ഹൈദ്രൂസ് മുസ്ലിയാര്‍ കൊല്ലം, സെക്രട്ടറിമാരായ പി. അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൊന്മള, അബ്ദുറഹ്‌മാന്‍ സഖാഫി പേരോട്, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, കരീം ഹാജി ചാലിയം, റഹ്‌മത്തുല്ല സഖാഫി എളമരം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി, കുറ്റൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഹാജി എന്നിവരും സംബന്ധിക്കും.