നോളജ് സിറ്റി: അൽ മൗലിദുൽ അക്ബറിന് മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിൽ തുടക്കം. പുലർച്ചെ അഞ്ചു മുതൽ ആരംഭിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൗലിദ് സംഗമത്തിന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള കാൽ ലക്ഷത്തോളം വിശ്വാസികളാണ് എത്തിയിരിക്കുന്നത്. സമസ്തയുടെ സമുന്നത നേതാക്കളായ പണ്ഡിതന്മാരുടെ സാരോപദേശങ്ങളും പ്രമുഖ സാദാത്തുക്കളുടെ പ്രാർത്ഥനകളും വിവിധ പ്രവാചക പ്രകീർത്തനങ്ങളുടെ ആലാപനങ്ങളും മൗലിദുകളുടെ പാരായണവും നടന്നുകൊണ്ടിരിക്കുകയാണ്.
സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മീലാദ് സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി സംബന്ധിച്ചു. ജനപ്രതിനിധികളും വ്യവസായിക- മത- സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംഗമത്തിൽ പങ്കെടുത്തു.