തിരുവനന്തപുരം : സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പുനല്‍കുന്ന കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിക്കുള്ള സ്ഥലമേറ്റെടുക്കല്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. പാലക്കാട്, എറണാകുളം ജില്ലയിലായി 2220 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്ത് കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്പ്മെന്റ് കോര്പറേഷന് (കെഐസിഡിസി) കൈമാറുക.
വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പാലക്കാട് കണ്ണമ്പ്രയില്‍ 312 ഉം പുതുശ്ശേരി സെന്‍ട്രലില്‍ 600, പുതുശ്ശേരി ഈസ്റ്റില്‍ 558, ഒഴലപ്പതിയില്‍ 250 ഉം ഏക്കറാണ് ഏറ്റെടുക്കേണ്ടത്. ഇതിനുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് പാലക്കാട് കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.
ഇതില്‍ 310 ഏക്കര്‍ ഏറ്റെടുക്കാനുള്ള 95 ശതമാനം നടപടിയും പൂര്‍ത്തിയാക്കി. മറ്റിടങ്ങളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും പൊതുജനങ്ങളില്‍നിന്ന് തെളിവെടുപ്പ് ആരംഭിക്കുകയും ചെയ്തു. പാലക്കാട് സ്ഥലമേറ്റെടുക്കാന്‍ 346 കോടി രൂപ കിന്‍ഫ്രയ്ക്ക് നേരത്തെ കൈമാറിയിരുന്നു.
എറണാകുളം അയ്യമ്പുഴയില്‍ ഇടനാഴിയുടെ ഭാഗമായുള്ള ഗിഫ്റ്റ് സിറ്റിക്ക് 500 ഏക്കര്‍ ഏറ്റെടുക്കാന്‍ ഭരണാനുമതി നല്കി. സാമൂഹ്യാഘാത പഠനവും പൂര്‍ത്തിയാക്കി. പൊതുജനങ്ങളില്‍നിന്നുള്ള തെളിവെടുപ്പ് ജൂലൈ 8, 9, 10 തീയതികളില്‍ നടക്കുമെന്ന് കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.
പരമാവധി കെട്ടിടങ്ങള്‍ ഒഴിവാക്കിയാണ് സ്ഥലമേറ്റെടുക്കുക. പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്താത്ത സേവനമേഖലാ വ്യവസായങ്ങളാണ് അയ്യമ്പുഴയിലുണ്ടാവുക. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ കലണ്ടര്‍ തയ്യാറാക്കും.
വ്യവസായ ഇടനാഴിയുടെ തുടര്‍ പ്രവര്‍ത്തനം സുഗമമാക്കാനും ദൈനംദിന വിലയിരുത്തലിനുമായി പ്രത്യേക വെബ്പോര്‍ട്ടലിന് കിന്‍ഫ്ര രൂപംനല്‍കും. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് സ്ഥലമേറ്റെടുക്കുന്നത്.
ഭക്ഷ്യ വ്യവസായം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ലഘു എന്‍ജിനീയറിങ് വ്യവസായം, ബൊട്ടാണിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ടെക്സ്റ്റൈല്‍സ്, ഖര മാലിന്യ റീ സൈക്ലിങ്, ഇലക്ട്രോണിക്സ്, ഐടി ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് തുടങ്ങിയ ക്ലസ്റ്ററുകളാണ് ഇടനാഴിയുടെ പാലക്കാട് കേന്ദ്രത്തിലുണ്ടാവുക. പാലക്കാട് ക്ളസ്റ്ററുകളില്‍ മാത്രം 83,000 തൊഴിലവസരം സൃഷ്ടിക്കും.
കളമശ്ശേരി കിന്‍ഫ്ര പാര്‍ക്ക് ആസ്ഥാനമായാണ് കെഐസിഡിസിയുടെ പ്രവര്‍ത്തനം. യോഗത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവരും പങ്കെടുത്തു.