കോവിഡ്: കൊച്ചി ഒന്നാമതായെന്ന പ്രചാരണം തെറ്റ്

ജനസംഖ്യാനുപാതികമായി രോഗികളുടെ എണ്ണം കണക്കാക്കി കോവിഡ് വ്യാപനത്തില്‍ എറണാകുളം ജില്ല രാജ്യത്ത് ഒന്നാമതായി എന്ന റിപ്പോര്‍ട്ട് യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ചുകൊണ്ട്. പ്രതിദിനരോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഒന്നാമതായ ഡല്‍ഹിയെക്കാളും വളരെ പിന്നിലാണ് കൊച്ചിയെങ്കിലും ജനസംഖ്യാനുപാതിക കോവിഡ് വ്യാപനത്തില്‍ കൊച്ചി ഒന്നാമതാണെന്ന കാര്യംമാത്രം പറഞ്ഞാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

പത്തു ലക്ഷത്തില്‍ 1300 പേര്‍ക്ക് എന്ന കണക്കില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍, ജനസംഖ്യാനുപാതികമായ കോവിഡ് വ്യാപനത്തില്‍ എറണാകുളം രാജ്യത്ത് ഒന്നാമതെന്ന ഒരു ഡോക്ടറുടെ എഫ്ബി പോസ്റ്റാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടാക്കിയത്. രണ്ടാമതുള്ള ഡല്‍ഹിയില്‍ ഇത് 1281, മൂന്നാമതുള്ള കോഴിക്കോട് ഇത് 1194 എന്നും എഫ്ബി പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ അതേ എഫ്ബി പോസ്റ്റില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നോക്കിയാല്‍ 35 ശതമാനവുമായി ഡല്‍ഹിയാണ് ഒന്നാമത്. എറണാകുളത്ത് ഇത് 28 ശതമാനവും കോഴിക്കോട് 23 ശതമാനവുമാണെന്നും എഫ്ബി പോസ്റ്റിലുണ്ട്, പ്രതിദിന രോഗികളുടെ എണ്ണം 24,000 കടന്ന ഡല്‍ഹിയാണ് കോവിഡ് രോഗികളില്‍ ഒന്നാമതെന്നും ഡോക്ടര്‍ എഫ്ബി പോസ്റ്റില്‍ പറയുന്നുണ്ടെങ്കിലും മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഇത് പറയുന്നില്ല.

പുണെയില്‍ 9863, മുംബൈയില്‍ 7163, ലക്നൗവില്‍ 5687 എന്നിങ്ങനെയാണ് പ്രതിദിനരോഗികളുടെ എണ്ണം. കൊച്ചിയില്‍ ഇത് 4548ഉം കോഴിക്കോട് 3939ഉം ആണെന്നും എഫ്ബി പോസ്റ്റിലുണ്ട്. പുണെ, മുംബൈ, ലക്നൗ എന്നിവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് യഥാക്രമം 22, 18, 13 എന്നിങ്ങനെ മാത്രമാണെന്നും പറയുന്നു.

spot_img

Related Articles

Latest news